എന്‍സിസി കേഡറ്റ് വെടിയേറ്റ് മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ടു

ചൊവ്വ, 11 ഓഗസ്റ്റ് 2015 (18:48 IST)
കോഴിക്കോട് എന്‍ സി സി കേഡറ്റ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ജോസി ചെറിയാന് അന്വേഷണ ചുമതല. അതേസമയം, സംഭവം എങ്ങനെയാണ് നടന്നതെന്ന് അറിയില്ലെന്ന് ഡെപ്യൂട്ടി കമാന്‍ഡന്റ് നന്ദകുമാര്‍ പറഞ്ഞു.
 
കൊല്ലം സ്വദേശി ധനുഷ് കൃഷ്ണയാണ് (19) മരിച്ചത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളജ് വിദ്യാര്‍ഥിയാണ്. കോഴിക്കോട് വെസ്റ്റ്ഹില്‍ ബാരക്കില്‍ നടന്ന പരിശീലനത്തിന് ഇടെയാണ് സംഭവം.
 
ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു ധനുഷിന് വെടിയേറ്റത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ചികിത്സയ്ക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല.
 
പരിശീലനം കഴിഞ്ഞ് തോക്ക് വൃത്തിയാക്കുമ്പോള്‍ ധനുഷിന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. നെഞ്ചിലാണ് വെടിയേറ്റത്.

വെബ്ദുനിയ വായിക്കുക