നമുക്ക് ഒപ്പം നില്‍ക്കാം; ദേശീയ ഗെയിംസിന് തിരി തെളിഞ്ഞു
ശനി, 31 ജനുവരി 2015 (20:22 IST)
35 മത് ദേശീയ ഗെയിംസിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തിരിതെളിഞ്ഞു. കായിക കേരളത്തെയും സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ പതിനായിരങ്ങളെയും സാക്ഷി നിര്‍ത്തി കെഎം ബീനാമോളില്‍ നിന്ന് ദീപശിഖ സ്വീകരിച്ച സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അത് ഒളിമ്പ്യന്മാരായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോര്‍ജിനും കൈമാറുകയും ഇരുവരും ചേര്‍ന്ന് കായികോത്സവത്തിന് തിരിതെളിയിക്കുകയുമായിരുന്നു.
ഒളിംപ്യന്‍മാരും അര്‍ജുന, ദ്രോണാചാര്യ അവാര്‍ഡ് ജേതാക്കളും പങ്കെടുത്ത ദീപശിഖാ പ്രയാണത്തിനൊടുവിലാണ് 14 ദിനങ്ങള്‍ നീണ്ടു നില്‍ക്കുന്ന ദേശീയ ഗെയിംസിന് തിരിതെളിഞ്ഞത്. കഴിഞ്ഞ ഗെയിംസിന്റെ ആതിഥേയരായ ജാര്‍ഖണ്ഡാണ് വര്‍ണാഭമായ മാര്‍ച്ച് പാസ്‌റ്റില്‍ ആദ്യം അണിനിരന്നത്. ഏറ്റവും ഒടുവിലായി ഒളിംപ്യന്‍ പ്രീജാ ശ്രീധരന്‍ നയിച്ച 744 അംഗസംഘവുമായി കേരളവും മാര്‍ച്ച് പാസറ്റില്‍ പങ്കെടുത്തു.
ഗെയിംസിന്റെ ഗുഡ്‌വില്‍ അംബാസഡറായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡും കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സോനോവാള്‍, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് എന്‍. രാമചന്ദ്രന്‍, തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.