കായികമേളാങ്കത്തിന് അമ്മു തയ്യാര്‍, കേരളവും, ഇനി കളി കാര്യമാകും

ശനി, 31 ജനുവരി 2015 (09:35 IST)
കാത്തിരിപ്പിന് വിരാമമായി. നാളുകളെണ്ണി കാത്തിരുന്ന മുപ്പത്തിയഞ്ചാമതു ദേശീയഗെയിംസിന് തുടക്കമാകുന്നു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ജനുവരി 31ന് വൈകുന്നേരം ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങുകളോടെ രാജ്യത്തെ ഏറ്റവും വലിയ കായികമേളയ്ക്ക് തുടക്കം കുറിക്കും. ഇനി അങ്ങോട്ടുള്ള 14 നാളുകള്‍ കായികമാമാങ്കത്തിന്റെ ഉത്സവം ആയിരിക്കും. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ഏഴു ജില്ലകളിലെ 29 വേദികളില്‍ 32 മത്സരയിനങ്ങളാണ് നാഷണല്‍ ഗെയിംസില്‍ അരങ്ങേറുന്നത്.
 
മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസിന് കേരളത്തിന്റെ മണ്ണില്‍ തിരിതെളിയുമ്പോള്‍ കേരളം കായികമാമാങ്കത്തിനായി നടത്തിയിട്ടുള്ള ഒരുക്കങ്ങളെപ്പറ്റി ഒന്നു വിശകലനം ചെയ്യാം. ഫെബ്രുവരി ഒന്നു മുതല്‍ കേരളത്തിലെ മുപ്പതു വേദികളിലായി ദേശീയഗെയിംസിന്‍റെ പല കളികളും നടക്കും. നൂറുകണക്കിന് ഇനങ്ങള്‍ , ആയിരക്കണക്കിന് കളിക്കാര്‍ ,അഞ്ചു കോര്‍പ്പറേഷന്‍ ‍, മൂന്ന് മുനിസിപ്പാലിറ്റികള്‍ , ഏഴു പഞ്ചായത്തുകള്‍ തുടങ്ങി 600 കിലോമീറ്റര്‍ ദൂരത്തായി പരന്നു കിടക്കുന്ന കളിക്കളങ്ങള്‍ ‍. ഇതാണ് ദേശീയ ഗെയിംസിനായി കേരളം വിഭാവനം ചെയ്ത ക്യാന്‍‌വാസ്. ഇത്രയും വിശാലമായ രീതിയില്‍ കളിക്കളങ്ങള്‍ വിന്യസിച്ചിട്ടുള്ള മറ്റു മത്സരങ്ങള്‍ ഇന്ത്യയില്‍ നടന്നിട്ടില്ല.
 
കണ്ണൂരില്‍ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്റ്റേഡിയവും കാര്യവട്ടത്ത് ഏറ്റവും വലിയ സ്റ്റേഡിയവും ദേശീയഗെയിംസിനായി തീര്‍ത്തു, കേരളത്തില്‍ ഇതുവരെയില്ലാതിരുന്ന അക്വാട്ടിക് സ്റ്റേഡിയം കൊല്ലത്തുണ്ടാക്കി, ആദ്യമായി നമുക്കൊരു ഷൂട്ടിംഗ് റേഞ്ച് ഉണ്ടായി, ആദ്യത്തെ ലോണ്‍ ബൗളിങ് കോര്‍ട്ടുണ്ടായി, ഫുട്ബോള്‍ കളിക്കാന്‍ ആദ്യമായി ഒരു സിന്തറ്റിക് സ്റ്റേഡിയം ലഭിച്ചു. എന്തിന് പിടി ഉഷയുടെ മലബാറില്‍ ആദ്യമായി ഒരു സിന്തറ്റിക് ട്രാക്കുണ്ടായത് പോലും ഈ ദേശീയ ഗെയിംസിനാണ്. കണ്ണൂരിലെ മുണ്ടയാട്ടാണ് ബാസ്കറ്റ് ബോള്‍ നടക്കുന്നതെങ്കില്‍ വോളിബോള്‍ നടക്കുന്നത് തൃപ്രയാറിലും തെയ്ക്ക്വോണ്ടോ നടക്കുന്നത് വെള്ളായണിയിലുമാണ്.
 
എന്നാല്‍ ഗെയിംസിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി ചെലവിട്ട 612 കോടി രൂപ എങ്ങുമെത്താത്ത അവസ്ഥയിലാണെന്നതാണ് വാസ്തവം. ടീമുകളെ ഒരുക്കാനും കൂടുതല്‍ മത്സര ഉപകരണങ്ങള്‍ വാങ്ങാനും കായികതാരങ്ങളുടെ ഭക്ഷണ - താമസ ചെലവുകള്‍ക്കുമായി കോടികള്‍ വേറെയും വേണം. ഉദ്ഘാടന - സമാപന ചടങ്ങുകള്‍ നടക്കുന്ന കാര്യവട്ടത്തെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കു മാത്രമായി 161 കോടി രൂപയാണ് ചെലവിട്ടത്. ഉദ്ഘാടന-സമാപന ചടങ്ങുകള്‍ക്ക് പൊടിക്കുന്നതാകട്ടെ 15 കോടി രൂപയും. ഇങ്ങനെ നോക്കുമ്പോള്‍ ഗെയിംസിനായി നേരത്തെ കണക്കാക്കിയിരുന്ന തുകയില്‍ 40 ശതമാനമെങ്കിലും വര്‍ധന വേണ്ടിവരുമെങ്കിലും ആ പണം കണ്ടെത്താന്‍ സംസ്ഥാനത്തിന്റെ രൂക്ഷമായ സാമ്പത്തികപ്രതിസന്ധി ഭീഷണിയാവുകയാണ്.
 
അതേസമയം യഥാര്‍ഥ വെല്ലുവിളി ഗെയിംസിനുശേഷം ഈ സൗകര്യങ്ങള്‍ എങ്ങനെ സംരക്ഷിക്കുമെന്നതാണ്. തൃപ്രയാറിലെ വലിയ വോളിബോള്‍ സ്റ്റേഡിയത്തിലാണ് ബോക്സിങ് നടക്കുന്നത്. എന്നാല്‍ മത്സരം കഴിഞ്ഞ് താരങ്ങള്‍ മടങ്ങുമ്പോള്‍ അവശേഷിക്കുന്ന ബോക്സിങ് റിംഗുകള്‍ പിന്നീട് എന്തുചെയ്യുമെന്നതിനെക്കുറിച്ചോ കൊല്ലത്ത് ഹോക്കി കഴിഞ്ഞാല്‍ അക്വാ ടര്‍ഫ് സംരക്ഷിക്കുന്നതിനേക്കുറിച്ചോ ആരും ചിന്തിക്കുന്നില്ല. ഇത് കേരളത്തിന്റെ ഒരു പോരായ്മയാണ്. ഭാരിച്ച ചെലവുള്ള ജോലിയായതിനാല്‍ ഇവയുടെ ഭാവി ഇരുണ്ടതു തന്നെയെന്ന് ഉറപ്പിക്കാം.
 
പക്ഷേ അറുപത്‌ കോടി രൂപ മുടക്കി, താരങ്ങളുടെ താമസത്തിനായി ഒരുക്കിയ ഗെയിംസ്‌ വില്ലേജ്‌ ഇനിയും ഒരുങ്ങിയില്ല. ഗെയിംസിനായി തിരുവനന്തപുരത്ത്‌ എത്തിച്ചേര്‍ന്ന കായികതാരങ്ങളെ സ്വകാര്യ ഹോട്ടലുകളിലാണ്‌ താമസിപ്പിക്കുന്നത്‌. വില്ലേജിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തിരക്കിട്ട്‌ നടക്കുകയാണ്‌. ഇത്‌ ഇന്ന്‌ വൈകിട്ട്‌ മാത്രമേ പൂര്‍ത്തിയാകൂവെന്നാണ്‌ തൊഴിലാളികളുടെ ഭാഷ്യം. പ്രധാനപ്രശ്നം വില്ലേജിലേക്ക്‌ ഇതുവരെ കുടവെള്ളമെത്തിയിട്ടില്ല എന്നതാണ്‌. കുടിവെള്ള കണക്ഷന്‍ വൈകുന്നേരത്തോടെ എത്തിക്കുമെന്നാണ്‌ അധികൃതര്‍ അറിയിക്കുന്നത്‌. അപ്പാര്‍ട്‌മെന്റുകളുടെ ശുചീകരണത്തിന്‌ പുറമേ, താരങ്ങള്‍ക്കുള്ള താല്‍ക്കാലിക മെഡിക്കല്‍ സെന്ററുകളുടെ നിര്‍മ്മാണം നടക്കുന്നതേ ഉളളൂ. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി, ഇന്നുമാത്രമേ ഗെയിംസ്‌ വില്ലേജ്‌ നാമമാത്രമായെങ്കിലും സജ്ജമാകൂ എന്നാണ്‌ റിപ്പോര്‍ട്ടുകള്‍ .
 
അതേസമയം ഒരുക്കങ്ങള്‍ പോലെ തന്നെ പ്രാധാന്യമുള്ളതാണ് ആതിഥേയ ടീമിന്റെ പ്രകടനവും. സ്വന്തം നാട്ടില്‍ നടക്കുന്ന കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ലെങ്കില്‍ കേരളത്തിന്റെ ഒരുക്കങ്ങളെല്ലാം വെറുതെയാകും. സ്വന്തം മണ്ണില്‍ നടക്കുന്ന ദേശീയ ഗെയിംസിന് കേരളം അണിനിരത്തുന്നത് 744 അംഗ ടീമിനെ. 391 പുരുഷന്മാരും 353 സ്ത്രീകളും അടങ്ങുന്ന ടീമിനെ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് പ്രീജ ശ്രീധരന്‍ നയിക്കും. മെഡല്‍ സാധ്യത ഏറെയുള്ള അത്‌ലറ്റിക്സിലാണ് കൂടുതല്‍ താരങ്ങള്‍ ഉള്ളത്. സംസ്ഥാനത്തിന് ഏറ്റവുമധികം മെഡല്‍സാധ്യതയുള്ള അത്‌ലറ്റിക്‌സില്‍ 90 പേരാണ് മാറ്റുരയ്ക്കുന്നത്; 46 പുരുഷന്‍മാരും 44 വനിതകളും. നീന്തലില്‍ 44 താരങ്ങള്‍ മത്സരിക്കും. 
 
സംസ്ഥാനത്തിന് പുറത്തു ജോലി ചെയ്യുന്ന മലയാളിതാരങ്ങള്‍ കൂടി കേരള ടീമിലുണ്ട്. റെയില്‍വേയുടെയും സര്‍വീസസിന്റെയും ഒ എന്‍ ജി സിയുടെയും ഒട്ടേറെ താരങ്ങള്‍ ഇത്തവണ കേരളത്തിനു വേണ്ടി മത്സരിക്കും. കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ മൂന്നു ഘട്ടങ്ങളിലായി നടന്ന പരിശീലന ക്യാമ്പിലൂടെയാണ് ടീമുകളെ തെരഞ്ഞെടുത്തത്. അതുകൊണ്ടു തന്നെ കിരീട നേട്ടത്തില്‍ കുറഞ്ഞൊന്നും തന്നെ കേരളം ലക്‌ഷ്യമിടുന്നില്ല. ഗെയിംസിന്റെ 33 ഇനങ്ങളില്‍ കേരളം മത്സരിക്കുന്നുണ്ട്.
 
ഗെയിംസില്‍ മികച്ച പ്രകടനം ലക്‌ഷ്യമിട്ട് പരിശീലനം തേടുന്ന ടീമംഗങ്ങള്‍ക്കൊപ്പം സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റുകളും മസാജേഴ്‌സും ഡോക്‌ടര്‍മാരും സേവനമനുഷ്ഠിക്കുന്നു. ടീമംഗങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കാനും കായിക ഇനങ്ങളില്‍ കൂടുതല്‍ ഏകാഗ്രത നേടാന്‍ താരങ്ങളെ പ്രാപ്തരാക്കുന്നതിനുമായാണ് ഇവരുടെ സേവനം കേരളടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിശീലകരും മാനേജര്‍മാരുമടക്കം 206 പേര്‍കൂടി ടീമിനൊപ്പം ഉണ്ടാകും. ആറുകോടി രൂപയാണ് ടീമിന്റെ ഒരുക്കങ്ങള്‍ക്കായി നീക്കിവെച്ചിരിക്കു്ന്നത്. അതേസമയം സ്വന്തം നാട്ടീല്‍ നടക്കുന്ന മത്സരമാണെങ്കിലും കേരളത്തിന് വെല്ലുവിളികള്‍ ഏറെയുണ്ട്. ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിന് കടുത്ത വെല്ലുവിളികള്‍ ഉണ്ടാകുമെന്നുറപ്പാണ്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക