ഗെയിംസിലെ കള്ളക്കളി: മനോവീര്യം തകര്‍ക്കരുതെന്ന് മുഖ്യമന്ത്രി
തിങ്കള്‍, 5 ജനുവരി 2015 (12:44 IST)
ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിരന്തരം ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ വിവാദങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. ഗെയിംസിനെതിരെയുള്ള പ്രസ്താവനകള്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതാണെന്നും. പരാതികള്‍ എഴുതിത്തന്നാൽ സർക്കാർ ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ഗെയിംസ് വിവാദത്തില്‍ കഴമ്പുണ്ടെങ്കില്‍ അന്വേഷിച്ച് നടപടിയെടുക്കും. കൗഡ് ഡൗൺ പരിപാടിയ്ക്ക് തലേന്ന് ഒരുമിച്ചിരുന്ന് ചർച്ച നടത്തിയവര്‍ തൊട്ടടുത്ത ദിവസം ഗെയിംസിനെതിരായി ആരോപണം ഉന്നയിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ദേശീയ ഗെയിംസിന്റെ എല്ലാ പ്രവർത്തനങ്ങളും അതാത് ഘട്ടങ്ങളിൽ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും. നല്ല രീതിയില്‍ തന്നെ ദേശീയ ഗെയിംസ് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് വന്‍ അഴിമതിയും ധൂര്‍ത്തും നടക്കുന്നതായി ആരോപിച്ച് ഗെയിംസിന്റെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്ന് ഗണേഷ് കുമാര്‍ രാജിവെച്ചതിന് പിന്നാലെ ഗെയിംസിന്റെ കള്‍ച്ചറല്‍ ആന്‍ഡ് സെറിമണി കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനം എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പാലോട് രവി രാജിവെച്ചിരുന്നു.