മോഡി ഇഫക്‌ട് കേരളത്തിലില്ല; യു ഡി എഫ് വീണ്ടും അധികാരത്തിലെത്തുമെന്നും എ കെ ആന്റണി
ശനി, 14 മെയ് 2016 (20:03 IST)
സംസ്ഥാനത്ത് യു ഡി എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ മോഡി ഇഫക്‌ട് ഇല്ല. ഇത്തവണയും ബി ജെ പി അക്കൌണ്ട് തുറക്കില്ല. നിയമസഭയിൽ എത്തണമെങ്കിൽ ബി ജെ പി പാസ് വാങ്ങി സന്ദർശക ഗാലറിയിൽ കയറേണ്ടി വരുമെന്നും ആന്‍റണി പരിഹസിച്ചു.
പ്രചാരണത്തിന്റെ തുടക്കത്തിൽ പിന്നിലായിരുന്ന യുഡിഎഫ് അവസാനഘട്ടത്തിൽ മുന്നിലെത്തിക്കഴിഞ്ഞു. എൽ ഡി എഫിന് പ്രതിപക്ഷത്തിരിക്കേണ്ടി വരും. മാത്രമല്ല ഇപ്പോഴുള്ള എം എൽ എമാരുടെ എണ്ണം കുറയുകയും ചെയ്യും.
സംസ്ഥാനത്ത് മഞ്ചേശ്വരത്തും കാസർകോട്ടും യു ഡി എഫും ബി ജെ പിയുമായാണ് മത്സരമെങ്കിൽ മറ്റെല്ലാ മണ്ഡലങ്ങളിലും യു ഡി എഫിന്‍റെ മുഖ്യ എതിരാളി എൽ ഡി എഫ് ആണെന്നും നേമത്ത് ബി ജെ പിയുടെ സാന്നിധ്യമുണ്ടെന്നു മാത്രം ഉള്ളൂവെന്നും ആന്‍റണി കൂട്ടിച്ചേർത്തു.