ഗോള്‍ഡന്‍ ഫിനിഷില്‍ കേരളം

വിഷ്‌ണു ലക്ഷ്‌മണ്‍

വെള്ളി, 13 ഫെബ്രുവരി 2015 (17:05 IST)
എത്ര മനോഹരമാണീ മാളിക... എന്ന് തുടങ്ങുന്ന പഴയൊരു കഥാപ്രസംഗ ഗാനമുണ്ട്. അതില്‍ അല്‍‌പമൊന്ന് തിരുത്തി എത്രമനോഹരമാണീ ഗെയിംസ് എന്ന് പാടാന്‍ പറ്റുന്ന മൂഡിലാണ് കേരളവും കേരളത്തിന്റെ ചുണക്കുട്ടികളും. കേരളമിന്ന് സുവര്‍ണ്ണ നേട്ടങ്ങളുടെ നെറുകയിലാണ്. സര്‍വീസസ് എന്ന് അതികായനു മുന്നില്‍ കേരളമിന്ന് ഞെളിഞ്ഞ് നിന്ന് പറയുന്നു. ഞങ്ങള്‍ക്കും പോരാട്ട വീര്യമുണ്ട് ദാ കണ്ടില്ലെ? എന്ന്. കേരളമങ്ങനെ പറഞ്ഞില്ലെങ്കില്‍ തന്നെ ആരും പറഞ്ഞുപോകും അതായിരുന്നു കേരളത്തിനെ കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ നടന്ന പ്രകടനം. സ്വര്‍ണം, അഞ്ചു സ്വര്‍ണ്ണം, അതാ വീണ്ടും സ്വര്‍ണ്ണം കേരളത്തിന്റെ ഒഫിഷ്യലുകള്‍ ആര്‍ത്തുവിളിച്ച ദിനമായിരുന്നു ഇന്ന്.
 
ഒന്നിനു പിറകെ ഒന്നൊന്നായി കേരളം ഇന്ന് സ്വര്‍ണ്ണം വാരിക്കോരുകയായിരുന്നു. ഒറ്റദിവസം കൊണ്ട് പത്ത് സ്വര്‍ണം നേടി രണ്ടാമതെത്തിയ ഇന്നലത്തെ അതേ കുതിപ്പാണ് കേരളം ഇന്നും നടത്തിക്കൊണ്ടിരിക്കുന്നത്. ബാഡ്മിന്റണ്‍ മിക്സഡ് ഡബിള്‍സ്, ബാഡ്മിന്റണ്‍ സിംഗിള്‍സ്, തയ്ക്വാന്‍ഡോ, ബോക്സിങ്ങ്, കാനോയിങ്, വനിതകളുടെ 200 മീറ്റര്‍ ഓട്ടം, പുരുഷന്മാരുടെ 800 മീറ്റര്‍, വനിതകളുടെ 800 മീറ്റര്‍, വോളീബോള്‍ മത്സരങ്ങള്‍, പുരുഷന്മാരുടെ സൈക്ലിംഗ്, വനിതകളുടെ സൈക്ലിംഗ്  എന്നിവയിലാണ് കേരളം ഇന്നു പോരാട്ടം കാഴ്ചവച്ചു. 
 
കേരളത്തിന് 38-ആം സ്വര്‍ണം സമ്മാനിച്ചുകൊണ്ട് നിത്യാ കുര്യാക്കോസാണ് ഇന്നത്തെ സ്വര്‍ണ്ണ വേട്ടയ്ക്ക് തുടക്കമിട്ടത്. വനിതകളുടെ കനോയിങ് സി വണ്ണില്‍ നിത്യ കുര്യാക്കോസാണ് സ്വര്‍ണം നേടിയത്‌. നിത്യയുടെ തന്നെ മൂന്നാം സ്വര്‍ണമാണിത് എന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ പുരുഷന്മാരുടെ ഡബിള്‍ കനോയിങ്ങില്‍ കേരളത്തിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അതേസമയം നിരാശ മറക്കാന്‍ കേരളം ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണം നേടി. അരുണ്‍ വിഷ്ണു-അപര്‍ണ ബാലന്‍ സഖ്യമാണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ തെലങ്കാനയുടെ തരുണ്‍ കോന-സിഖി റെഡ്ഡി സഖ്യത്തെയാണ് ഇവര്‍ തോല്‍പിച്ചത്. സ്‌കോര്‍: 21-18, 14-21, 21-15
 
തൊട്ടുപിന്നാലെ പിസി തുളസിക്ക് വനിതാ സിംഗിള്‍സ് ബാഡ്മിന്റണ്‍ സ്വര്‍ണം ലഭിച്ചതോടെ കേരളാ ക്യാമ്പ് ആവേശത്തിലായി. ഫൈനലില്‍ ഋതുപര്‍ണ ദാസിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തോല്‍പിച്ചത് (21-18, 21-18). വൈകിട്ട് 3.30 ഓടെ കേരളത്തിന്റെ സന്ദീപ് ചിക്കാരയ്ക്ക് 91 കിലോ വിഭാഗം ബോക്‌സിങ്ങില്‍ സ്വര്‍ണം ലഭിച്ചു. തയ്ക്വാന്‍ഡോ സീനിയര്‍ പെണ്‍കുട്ടികളുടെ 67 കിലോ വിഭാഗത്തില്‍ കേരളത്തിന്റെ വി.രേഷ്മയാണ് സ്വര്‍ണം നേടിയത്. തയ്ക്വാന്‍ഡോയില്‍ കേരളത്തിന്റെ രണ്ടാം സ്വര്‍ണമാണിത്. തൊട്ടുപിന്നാലെ കേരളം പെണ്‍കുട്ടികളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടി.
 
200 മീറ്ററില്‍ ശാന്തിനി സ്വര്‍ണം നേടിയപ്പോള്‍ കേരളത്തിന്റെ തന്നെ അനില്‍ഡയ്ക്കാണ് വെള്ളി. മത്സരത്തില്‍ ഇന്ത്യയിലെ വേഗമേറിയ താരമായ ദ്യുതി ചന്ദിനെ വളരെ ദൂരം പിന്തള്ളിയാണ് ഇരുവരും കേരളത്തിന്റെ അഭിമാനം കാത്തത്. ഈ ഇനത്തില്‍ കേരളത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണം നേടാന്‍ സാധിക്കുന്നത്. 1994ല്‍ ഷൈനി വിത്സണ്‍ സ്വര്‍ണം നേടിയതില്‍ പിന്നെ രണ്ടുപതിറ്റാണ്ട് നീണ്ടു നിന്ന സുവര്‍ണ ദാരിദ്ര്യം ശാന്തിനി തീര്‍ത്തു എന്നത് ഈ നേട്ടത്തിന്റെ പ്രത്യേകതയാണ്. 
 
അതിനു പിന്നാലെ കേരളത്തിന്റെ അഭിമാന താരമായ അന്താരാഷ്ട്ര താരം ടിന്റു ലൂക്ക വനിതകളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടി, കേരളത്തിന്റെ തന്നെ സിനി മാര്‍കോസാണ് വെങ്കലം നേടിയത്. വളരെ സമ്മര്‍ദ്ദങ്ങള്‍ക്ക് ശേഷമായിരുന്നു സിനി മത്സരത്തില്‍ പങ്കെടുത്തത്. മത്സരത്തിനെത്തിയപ്പോഴാണ് സിനിയുടെ പേരില്ല എന്ന് അറിയുന്നത്. തുടര്‍ന്ന് ഇത് ആശയക്കുഴപ്പത്തിനിടയാക്കിയിരുന്നു. എങ്കിലും സാങ്കേതിക തെറ്റു തിരുത്തി സിനിയെ മത്സരിപ്പിക്കുകയായിരുന്നു.
 
കേരളം ഇന്ന് സ്വര്‍ണം വിട്ട് യാതൊരു ഒത്തുതീര്‍പ്പിനും തയ്യറാല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു പിന്നാലെ നടന്ന പുരുഷന്മാരുടെ 800 മീറ്റര്‍ മത്സരം. ഇതിലും കേരളത്തിനായിരുന്നു സ്വര്‍ണവും വെങ്കലവും. 800 മീറ്ററില്‍ സജീഷ് ജോസഫിനാണ് 
സ്വര്‍ണം. തുടര്‍ച്ചയായ മൂന്നാം തവണയാണ് സജീഷ് ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടുന്നത്. കേരളത്തിനായി വെങ്കലം നേടിയത് പറളിയുടെ താരമായ അഫ്സലാണ്. ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ അഫ്സലിന്റെ നേട്ടത്തിന് സുവര്‍ണ ശോഭയുണ്ട്. 
 
പുരുഷന്മാരുടെ വോളീബോള്‍ മത്സരത്തില്‍ കനത്ത പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. വനിതകളുടെ വോളിബോളില്‍ കര്‍ണാടകത്തെ തോല്പിച്ച് കേരളം സ്വര്‍ണം നേടി. കൂടാതെ പുരുഷന്മാരുടെ സൈക്ലിംഗ് മത്സരത്തിലും കേരളം സുവര്‍ണ നേട്ടം പ്രതീക്ഷിക്കുന്നുണ്ട്. മത്സരങ്ങള്‍ ഇന്ന് അവസാനിക്കാനിരിക്കെ 50 സ്വര്‍ണവുമായി ചരിത്രം തിരുത്താനാകുമെന്നുതന്നെയാണ് കേരളത്തിന്റെ പ്രതീക്ഷ.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക