മദ്യലഹരിയിൽ യുവാവ് രണ്ട് സുഹൃത്തുക്കളെ തലയ്ക്കടിച്ചു കൊന്നു

എ കെ ജെ അയ്യര്‍

തിങ്കള്‍, 16 ഓഗസ്റ്റ് 2021 (18:05 IST)
തിരുവനന്തപുരം: മദ്യലഹരിയിൽ യുവാവ് രണ്ട് സുഹൃത്തുക്കളെ തലയ്ക്കടിച്ചു കൊന്നു. മാറനല്ലൂർ മൂലക്കോണം ഇളംപ്ലാവില വീട്ടിൽ വാസന്തിയുടെ മകൻ സന്തോഷ് (41), മലവിള തടത്തരികത്ത് വീട്ടിൽ പരേതനായ ഗോപിയുടെ മകൻ സജീഷ് (38) എന്നിവരാണ് മരിച്ചത്.

മരിച്ച സന്തോഷിന്റെ ബന്ധു ഇളംപ്ലാവില തോട്ടരികത്തു വീട്ടിൽ അരുൺ രാജ് എന്ന മുപ്പതുകാരനാണ് മദ്യലഹരിയിൽ ഇരുവരെയും ജാക്കി ലിവർ ഉപയോഗിച്ച് തലയ്ക്കടിച്ചു കൊന്നത്. കഴിഞ്ഞ ദിവസം രാവിലെ പ്രതി പോലീസിൽ കീഴടങ്ങിയപ്പോഴാണ് സംഭവം അറിയുന്നത്. അതിനു മുമ്പ് രാത്രി തന്നെ ഇയാൾ ചില സുഹൃത്തുക്കളെ വിവരം ഫോണിൽ അറിയിച്ചെങ്കിലും മദ്യ ലഹരിയിൽ അവർ ആരും തന്നെ ഇത് വിശ്വസിച്ചിരുന്നില്ല.

നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ കൂടിയായ ചപ്പാത്തി എന്നറിയപ്പെടുന്ന സന്തോഷും പക്രു എന്നറിയപ്പെടുന്ന സജീഷും പാറമട തൊഴിലാളികളാണ്. ഇലക്ട്രിക്, അലങ്കാര പണികൾ ചെയ്യുന്ന ആളാണ് അരുൺ രാജ്. സന്തോഷിന്റെ വീട്ടിലായിരുന്നു കൊലപാതകം നടന്നത്. സന്തോഷിന്റെ ഭാര്യയും മക്കളും അവരുടെ കുടുംബ വീട്ടിലേക്ക് പോയിരുന്നതിനാൽ  വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മദ്യ ലഹരിയിൽ അരുൺ രാജിന്റെ മാതാപിതാക്കളെ മുമ്പ് സന്തോഷ് മർദ്ദിച്ചത് ഉൾപ്പെടെയുള്ള പഴയ കാര്യങ്ങൾ പറഞ്ഞു മൂവരും തമ്മിൽ വാക്കു തർക്കം നടക്കുകയും തുടർന്ന് സുഹൃത്തുക്കളെ കൊല ചെയ്യുകയുമായിരുന്നു.

നേരം വെളുത്തപ്പോൾ മദ്യ ലഹരി ഇല്ലാതാവുകയും തുടർന്ന് അരുൺ രാജ് ബൈക്കിൽ മാറനല്ലൂർ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയും ആയിരുന്നു.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍