അയ്യന്തോള്‍ ഫ്ളാറ്റ് കൊലപാതകം: ഒന്നാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് കീഴടങ്ങി

ചൊവ്വ, 22 മാര്‍ച്ച് 2016 (17:49 IST)
തൃശൂര്‍ അയ്യന്തോൾ പഞ്ചിക്കലിലെ ഫ്‌ളാറ്റിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് റഷീദ് കീഴടങ്ങി. കൊടകര സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മുന്‍ ബ്ലോക്ക് പ്രസിഡന്റുമായ റഷീദ് ഷൊർണ്ണൂർ സ്വദേശി സതീഷിനെയാണ് മർദ്ദിച്ചുകൊലപ്പെടുത്തിയത്. കൊലപാതകത്തിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന റഷീദ് പാലക്കാട് കോടതിയിലാണ് കീഴടങ്ങിയത്.
 
 ഈ മാസം മൂന്നിനാണ് സതീഷിനെ മരിച്ച നിലയിൽ ഫ്ലാറ്റിൽ കണ്ടെത്തിയത്. ശാശ്വതിയുമായുള്ള ബന്ധത്തെ ചൊല്ലി വഴക്കുണ്ടാക്കിയതിനെതുടർന്നാണ് കാമുകി ശാശ്വതിയുടെ ഫ്‌ളാറ്റില്‍ വെച്ച് റഷീദും സംഘവും സതീഷിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.  കൊലപാതകത്തിന് ശേഷം റഷീദിനെ രക്ഷപ്പെടാന്‍ സഹായിക്കുകയും തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്ത കെപിസിസി മുന്‍ സംസ്ഥാനസെക്രട്ടറി എംആര്‍ രാമദാസിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. 
 
പതിമൂന്നിലേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവ് റഷീദിനെതിരെ കാപ്പ ചുമത്താനുള്ള നീക്കത്തിനിടെയായിരുന്നു നാടകീയമായ കീഴടങ്ങല്‍. ശാശ്വതി, റഷീദിന്റെ സുഹൃത്ത് കൃഷ്ണപ്രസാദ് എന്നിവരുള്‍പ്പെടെ മുഴുവന്‍ പ്രതികളും ഇതോടെ അറസ്റ്റിലായിട്ടുണ്ട്. പോലീസിന്റെ പഴുതടച്ചുള്ള അന്വേഷണമാണ് പ്രതികളെ പുറത്തുകൊണ്ടുവരാന്‍ സാധിച്ചത്.

വെബ്ദുനിയ വായിക്കുക