മൂന്നാര്‍ സമരം ഒത്തു തീര്‍ന്നു, തൊഴിലാളികള്‍ക്ക് 21 ശതമാനം ബോണസ് നല്‍കും
തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2015 (08:14 IST)
മൂന്നാറിലെ കണ്ണൻ ദേവൻ തോട്ടം തൊഴിലാളികൾ നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. തൊഴിലാളിള്‍ക്ക് 20% ബോണസ് നൽകാൻ കണ്ണന്‍ ദേവന്‍ കമ്പനി സമ്മതിച്ചതൊടെയാണ് തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചത്. മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മന്ത്രിമാരായ ഷിബു ബേബിജോൺ, ആര്യാടൻ മുഹമ്മദ് എന്നിവർ കമ്പനി മാനേജ്മെന്റ് പ്രതിനിധികളും തൊഴിലാളി യൂണിയൻ നേതാക്കളും സമരസമിതി പ്രതിനിധികളുമായി നടത്തിയ ഒൻപതു മണിക്കൂർ നീണ്ട ചർച്ചയിലാണു തീരുമാനം.
രാവിലെ 11ന് ആരംഭിച്ച ചർച്ച രാത്രി എട്ടിനാണു പൂർത്തിയായത്. ആദ്യ ഘട്ട ചർച്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ പൂർത്തിയായപ്പോഴും എല്ലാവർക്കും സമ്മതമായ ഫോർമുല രൂപീകരിക്കാനായിരുന്നില്ല. കൂലി വർധന പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗത്തിൽ തീരുമാനിക്കാമെന്ന ധാരണ മാത്രമാണു രൂപപ്പെട്ടത്. കമ്പനി നഷ്ടത്തിൽ പോകുമ്പോൾ ബോണസ് വർധന സാധ്യമല്ലെന്ന നിലപാട് കമ്പനി മാനേജ്മെന്റ് എടുത്തു. ആദ്യഘട്ട ചർച്ചയിൽ ധാരണയാകാതെ വന്നതോടെ കോട്ടയത്തുള്ള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ മന്ത്രി ഷിബു ബേബിജോൺ ഫോണിൽ ബന്ധപ്പെട്ടു. ചർച്ചയ്ക്കു മുഖ്യമന്ത്രി നേരിട്ട് എത്താമെന്ന് അറിയിച്ചതോടെ അടുത്ത ഘട്ട ചർച്ച വൈകിട്ട് നാലരയ്ക്കു നിശ്ചയിച്ചു.
അഞ്ചേകാലോടെ മുഖ്യമന്ത്രി എത്തി.ഇതിനു ശേഷം വീണ്ടും കമ്പനി മാനേജ്മെന്റുമായി ചർച്ച നടത്തിയാണ് അന്തിമധാരണയിലെത്തിയത്. 21നകം ബോണസ് തുക തൊഴിലാളികൾക്കു വിതരണം ചെയ്യാനും തീരുമാനമായി. തുടർന്ന് കമ്പനി മാനേജ്മെന്റും അംഗീകൃത തൊഴിലാളി യൂണിയൻ നേതാക്കളും സമരസമിതി പ്രതിനിധികളുടെ സാന്നിധ്യത്തിൽ കരാർ ഒപ്പുവച്ചു.
കഴിഞ്ഞ തവണ ബോണസ് 19% ആയിരുന്നു. ഇത് 20 ശതമാനമാക്കണമെന്നതായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. 11.67% എക്സ്ഗ്രേഷ്യ ഉൾപ്പെടെയാണ് 20% ബോണസ് അനുവദിച്ചത്. ദിവസക്കൂലി 232 രൂപയിൽ നിന്ന് 500 രൂപയാക്കി ഉയർത്തണമെന്ന ആവശ്യത്തിൻമേൽ തീരുമാനമെടുക്കാൻ പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം 26 ന് മന്ത്രി ഷിബു ബേബിജോണിന്റെ സാന്നിധ്യത്തിൽ ചേരും. വീട് ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾ പ്ലാന്റേഷൻ ലേബർ കമ്മിറ്റി ചർച്ച ചെയ്യും.
തോട്ടം മേഖലയിൽ പ്ലാന്റേഷൻ ലേബർ ആക്ട്, ഫാക്ടറീസ് ആക്ട് എന്നിവ കർശനമായി നടപ്പാക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. തൊഴിലാളികൾക്ക് സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനാ സൗകര്യം നൽകാനായി പ്ലാന്റേഷൻ ലേബർ നിയമത്തിന്റെ ചട്ടങ്ങളിൽ മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.