തൊഴിലാളികള്‍ക്ക് 500 രൂപ വേതനം നല്‍കണമെന്ന് സിഐടിയു, തോട്ടങ്ങള്‍ അടച്ചിടേണ്ടി വരുമെന്ന് തോട്ടം ഉടമകള്‍

വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (10:58 IST)
തോട്ടം തൊഴിലാളികള്‍ക്ക് 500രൂപ കൂലിയാക്കുന്ന വിഷയത്തില്‍ നാളെ യോഗം നടക്കാനിരിക്കെ വാദപ്രതിവാദങ്ങളുമായി തൊഴിലാളിസംഘടനകളും തോട്ടം ഉടമകളുടെ സംഘടനയും രംഗത്ത്. തൊഴിലാളികളുടെ വേതനം 500 ആക്കണമെന്ന ആവശ്യത്തില്‍ നിന്ന് എന്തുവന്നാലും പിന്നോട്ടില്ലെന്നു സിഐടിയു നേതാവ് എളമരം കരീം വ്യക്തമാക്കി. എന്നാല്‍, ഇത്രയും കൂലിനല്‍കിയാല്‍ തോട്ടങ്ങള്‍ അടച്ചിടേണ്ടി വരുമെന്ന് തോട്ടം ഉടമകളുടെ സംഘടന ചെയര്‍മാന്‍ സി.വിനയരാഘവന്‍ പറഞ്ഞു.

നിലവിലെ കൂലി 232 രൂപമാത്രമാണെന്നുളള വിവരം തെറ്റാണ്. എല്ലാ ആനുകൂല്യങ്ങളും ചേര്‍ത്ത് 500 രൂപ തൊഴിലാളികള്‍ക്ക് ലഭിക്കുന്നുണ്ട്. തോട്ടങ്ങള്‍ ഇപ്പോള്‍ നഷ്ടത്തിലാണ്. ഇതിന് പിന്നാലെ 500രൂപ കൂലി വര്‍ദ്ധിപ്പിച്ചാല്‍ പ്രവര്‍ത്തനം നഷ്‌ടത്തിലാകും. പിന്നെ തോട്ടങ്ങള്‍ അടച്ചിടേണ്ട സാഹചര്യമാണ് ഉള്ളതെന്നും സി വിനയരാഘവന്‍ പറഞ്ഞു.

അതേസമയം, തോട്ടങ്ങള്‍ നഷ്ടത്തിലാണെന്നുളള തോട്ടമുടമകളുടെ വാദം തട്ടിപ്പാണെന്നും ഇത് അംഗീകരിക്കില്ലെന്നും എഐടിയുസി സംസ്ഥാന സെക്രട്ടറി കെ.പി.രാജേന്ദ്രന്‍ പറഞ്ഞു. നിലവില്‍ 500 രൂപ കൂലിനല്‍കാനുളള അന്തരീക്ഷം എല്ലാ തോട്ടങ്ങളിലും ഉണ്ടെന്നും അതു നല്‍കാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഇരുനേതാക്കളും വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക