മുംബൈ ഭീകരാക്രമണത്തിന് ഇന്ന് ഏഴ് വയസ്; എങ്ങും കനത്ത സുരക്ഷ
വ്യാഴം, 26 നവംബര്‍ 2015 (09:39 IST)
മുംബൈ ഭീകരാക്രമണത്തിന് ഇന്ന് ഏഴ് വയസ്. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മുംബൈയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 2008 നവംബര്‍ 26 നാണ് മുംബൈയില്‍ പലയിടങ്ങളിലായി ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. മൂന്നു ഉന്നത പൊലീസുദ്യോഗസ്ഥരും 22 വിദേശികളുമടക്കം 166 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
സിഎസ്ടി റയില്‍വേ സ്റ്റേഷന്‍, താജ് ഹോട്ടല്‍, കൊളാബാ മാര്‍ക്കറ്റ്, ഒബറോയ് ഹോട്ടല്‍, നരിമാൻ ഹൗസ് ഉള്‍പ്പെടെ പത്തിടങ്ങളിലായിട്ടാണ് വെടിവെപ്പും സ്‌ഫോടനവും ഉണ്ടായത്. നവംബര്‍ 26 ന് ആരംഭിച്ച ഭീകരാക്രമണം ഏതാണ്ട് 60 മണിക്കൂറുകള്‍ നീണ്ടു. ആക്രമിക്കപ്പെട്ട സ്ഥലങ്ങള്‍ നവംബര്‍ 29 ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചുപിടിക്കുന്നതോടെയാണ് ഭീകരാന്തരീക്ഷം അവസാനിച്ചത്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ വിഭാഗം മേധാവി ഹേമന്ദ് കര്‍ക്കറെ, എന്‍എസ്ജി ഓഫീസറും മലയാളിയുമായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ എന്നിവരുള്‍പ്പടെ നിരവധി സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവനും ഇന്ത്യക്ക് നഷ്ടമായി.
പിടിയിലായ ഏക ഭീകരന്‍ അജ്‌മല്‍ കസബിനെ വിചാരണക്ക് ശേഷം തൂക്കിലേറ്റിയെങ്കിലും ആക്രമണത്തിന് ആസുത്രണം നല്‍കിയവര്‍ പാകിസ്ഥാനില്‍ സുഖമായി കഴിയുകയാണ്. ഭീകരാക്രമണത്തില്‍ വീരചരമം അടഞ്ഞവരുടെ ഓര്‍മകളിലാണ് ഇന്ന് മുംബൈ നഗരം. രാജ്യത്തിന്‍റെ മനസാക്ഷി പകര്‍ന്ന കരുത്തുമായി മഹാനഗരം ഭീതിയിയില്‍നിന്ന് പ്രതീക്ഷകളിലേക്കുള്ള യാത്രയിലാണ്.