മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിക്കാന്‍ കേരളം തീരുമാനിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതുണ്ടാക്കുന്ന പാരിസ്ഥിതിക വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാകും ഇത്.
ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തിയ തീരുമാനം സുപ്രീംകോടതി ഭരണഘടനാ ബഞ്ച് ആവര്‍ത്തിച്ചതോടെയാണ് പുതിയ നിയമവഴി തേടുന്നത്. അണക്കെട്ടിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ കേരളം വീഴ്ച വരുത്തിയെന്ന ആക്ഷേപവും ശക്തമാണ്. ഇതിനിടെയാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിന് കേരളം ഒരുങ്ങുന്നത്.
ഇത് സംബന്ധിച്ച വനം വകുപ്പിന്റെ റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ വച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ന്നപ്പോള്‍ 568 ഹെക്ടര്‍ മുങ്ങിയതായാണ് വനംവകുപ്പിന്റെ റിപ്പോര്‍ട്ട്. 247 ഹെക്ടര്‍ അര്‍ധനിത്യഹരിതവനം, 213 ഹെക്ടര്‍ വയല്‍, 108 ഹെക്ടര്‍ നിത്യഹരിതവനം തുടങ്ങിയവ വെള്ളത്തിനടിയിലായെന്ന് നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പെരിയാര്‍ തടാകത്തിലെ 11 തുരുത്തുകള്‍ മുങ്ങിയതായും 17 വയലുകള്‍ വെള്ളത്തിനടിയിലായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ നാല് നിയമങ്ങളുടെ ലംഘനമാണ് ജലനിരപ്പ് ഉയര്‍ത്തിയതിലൂടെ തമിഴ്നാട് ചെയ്തിരിക്കുന്നത്. ജലനിരപ്പ് ഉയര്‍ത്തിയപ്പോള്‍ പെരിയാര്‍ മേഖലയിലെ 25 തുരുത്തുകളില്‍ 13 എണ്ണം വെള്ളത്തിനടിയിലായി. തേക്കടി മേഖലയിലെ 17 വയലുകളും മുങ്ങി. ആനകളടക്കമുള്ള വന്യജീവികളുടെ ആവാസകേന്ദ്രങ്ങളാണ് വെള്ളത്തിനടിയില്‍ ആയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വനം വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണലില്‍ കേസ് ഫയല്‍ ചെയ്യുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ ആദിവാസികള്‍ നേരിട്ടപ്രശ്നങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി ഗോപി നാഥ് നല്‍കിയ റിപ്പോര്‍ട്ടാണ് നിയമസഭയില്‍ വച്ചത്.