മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടുമെന്ന് ജോസഫ് പ്രചരിപ്പിച്ചത് പണത്തിനുവേണ്ടി; 1000 കോടിയുടെ പദ്ധതിക്കായി സ്വിസ് കമ്പനിയുമായി ധാരണയിലെത്തിയിരുന്നു - വെളിപ്പെടുത്തലുമായി ജോര്‍ജ്

ഞായര്‍, 2 ഏപ്രില്‍ 2017 (15:52 IST)
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുൻമന്ത്രി പിജെ ജോസഫിനെതിരെ ഗുരുതര ആരോപണവുമായി പിസി ജോർജ് എംഎൽഎ രംഗത്ത്.

മുല്ലപ്പെരിയാറിൽ 1000 കോടി മുതല്‍ മുടക്കി പുതിയ അണക്കെട്ട് പണിയാൻ സാഹചര്യമൊരുക്കുമെന്ന് ജോസഫ് സ്വിസ് കമ്പനിയുമായി ധാരണയിലെത്തിയിരുന്നു. അണക്കെട്ട് തകരുമെന്ന് പ്രചരിപ്പിച്ചാണ് നീക്കം നടത്തിയതെന്നും ജോര്‍ജ് വ്യക്തമാക്കി.

ജോസഫ് സ്വിറ്റ്സർലൻഡിലെത്തി ഒരു കമ്പനിയുമായി സംസാരിച്ച് കാര്യങ്ങള്‍ തീരുമാനിച്ചു. അണക്കെട്ട് പണിയുന്നതിലൂടെ പണം തട്ടുകയായിരുന്നു ലക്ഷ്യം. ജനങ്ങളെ ആശങ്കപ്പെടുത്തി കാര്യങ്ങള്‍ എളുപ്പത്തിലാക്കാന്‍ ശ്രമിച്ചെങ്കിലും അണക്കെട്ടിന് ഇതുവരെ ഒന്നും സംഭവിച്ചില്ലെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

അണക്കെട്ടിന്റെ പേരില്‍ തമിഴ്നാട്ടിലെയും കേരളത്തിലെയും ജനങ്ങളുടെ ഇടയിൽ ശത്രുതയുണ്ടാക്കി. ഇതെക്കുറിച്ച് ജോസഫ് ഇപ്പോൾ ഒന്നും മിണ്ടുന്നില്ലെന്നും സ്വതന്ത്ര ബസ് തൊഴിലാളി യൂണിയൻ കൺവൻഷനും സമരപ്രഖ്യാപനവും ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവെ ജോര്‍ജ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക