കേരളത്തിന് തിരിച്ചടി; മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനുള്ള അപേക്ഷ കേന്ദ്രസർക്കാർ തള്ളി
വ്യാഴം, 6 ഓഗസ്റ്റ് 2015 (14:37 IST)
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയാനുള്ള കേരളത്തിന്റെ നിക്കത്തിന് തിരിച്ചടി. പുതിയ അണക്കെട്ടിനായി കേരളം സമര്‍പ്പിച്ച അപേക്ഷ കേന്ദ്രസർക്കാർ തള്ളി. പ്രദേശത്ത് കേരളം പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് പുതിയ ഡാം എന്ന ആവശ്യവുമായി കേരളം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചത്. നേരത്തെ മുപ്പപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയാക്കി ഉയർത്താൻ അനുമതി നൽകിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയിൽ പുതിയ അണക്കെട്ട് ആവശ്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയ തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കുകയായിരുന്നു. പുതിയ അണക്കെട്ട് ആവശ്യമില്ലെന്ന സുപ്രീംകോടതിയുടെ നിലപാടിനെ കേരളം ചോദ്യം ചെയ്യുന്നതിന് തുല്ല്യമാണ് ഇപ്പോഴത്തെ രീതിയെന്നും തമിഴ്‌നാട് വ്യക്തമാക്കി.
ഈ സഹാചര്യത്തിൽ പുതിയ അണക്കെട്ടിനായി കേരളം ശ്രമിക്കുന്നത് സുപ്രീംകോടതി വിധിക്കെതിരാണെന്നും കോടതിയലക്ഷ്യ നടപടിയാകുമെന്നും തമിഴ്നാട് ചൂണ്ടിക്കാണിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ ഡാമിനുള്ള കേരളത്തിന്റെ അപേക്ഷ കേന്ദ്ര സർക്കാർ ഔദ്യോഗികമായി തന്നെ തള്ളിയത്. അപേക്ഷ തള്ളിയ കാര്യം കേന്ദ്രം സംസ്ഥാന സർക്കാരിനെ അറിയിക്കുകയും ചെയ്തു. പരിസ്ഥിതി അനുമതി തേടി കേരളം നൽകിയ അപക്ഷേയിലെ തുടർ നടപടികളെല്ലാം അവസാനിപ്പിച്ചതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കേരളത്തെ അറിയിച്ചു.