വിവാദ വ്യവസായി മുഹമ്മദ് നിസാം തൃശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ ആഡംബര കാറിടിച്ച് കൊലപ്പെടുത്തിയതിന് കാരണം മുന്‍വൈരാഗ്യമെന്നു കുറ്റപത്രം. രാത്രി പന്ത്രണ്ടു മണി കഴിഞ്ഞ് പതിവായി വരുന്ന നിസാമിനെ പലതവണ ചന്ദ്രബോസ് തടയുകയും, വൈകി വരുന്ന വാഹനങ്ങള്‍ തടയണമെന്ന് ചന്ദ്രബോസ് മറ്റു സെക്യൂരിറ്റി ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കിയതുമാണ് നിസാമിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് കുറ്റപത്രം.
നിസാമിന്റേതടക്കം അസമയത്തു വരുന്ന വാഹനങ്ങള്‍ ചന്ദ്രബോസ് തടഞ്ഞിരുന്നു. ഇതാണ് നിഷാമിനെ പ്രകോപിപ്പിച്ചതെന്ന് 15 സാക്ഷികള്‍ മൊഴി നല്‍കിയതായി കുറ്റപത്രത്തില്‍ പൊലീസ് വ്യക്തമാക്കുന്നു. കുന്നംകുളം മജിസ്ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എ.പി. ഉദയഭാനു, അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍മാരായ റോബ്സണ്‍ പോള്‍, ടി.എസ്. രാജന്‍, സലില്‍ നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലാണു കുറ്റപത്രം തയാറാക്കിയത്. ദൃക്സാക്ഷികളുടെ മൊഴി, ശാസ്ത്രീയ തെളിവുകള്‍, ഫൊറന്‍സിക് പരിശോധനാ ഫലങ്ങള്‍ എന്നിങ്ങനെ തെളിവുകള്‍ വേര്‍തിരിച്ചാണു കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. 108 സാക്ഷികളും 32 ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജനുവരി 29ന് പുലര്‍ച്ചെയാണ് ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെ നിസാം കാറുകൊണ്ടിടിച്ചത്. അതീവ ഗുരുതരാവസ്ഥയിലായ ചന്ദ്രബോസ് പത്തൊന്‍പതാം ദിവസം മരിച്ചു.അതേസമയം കൊലപാതകശ്രമമുണ്ടായാല്‍ ഇരയുടെ മൊഴിയെടുക്കണമെന്ന വ്യവസ്ഥ തെറ്റിച്ച പൊലീസ് നടപടി എറെ വിവാദമുണ്ടാക്കിയിരുന്നു. ഡി ജി പിയുടെ പേരുവരെ വലിച്ചിഴയ്ക്കപ്പെട്ട കേസാണിത്. സര്‍ക്കാരില്‍ വന്‍പിടിപാടുള്ള നിസാമിന്റെ പേരില്‍ സര്‍ക്കാരിന്റെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു.
സാഹചര്യത്തിലാണ് നിസാമിനെതിരെ ശക്തമായ നടപടികള്‍ക്ക് സര്‍ക്കാരും പൊലീസും തയ്യാറായത്. ഇപ്പോള്‍ കാപ്പ കുറ്റവും നിസാമിനെതിരെ ചുമത്തിയിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നിസാം. നാലു മാസത്തിനകം വിചാരണ പൂര്‍ത്തിയാവുമെന്നാണ് കരുതുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.