“അരക്കിറുക്കുകൊണ്ടു മാത്രമല്ല തുഗ്ലക് തന്റെ രാജ്യ തലസ്ഥാനം മാറ്റിയത്”; നോട്ട് അസാധുവാക്കലിനെ രൂക്ഷമായി വിമര്‍ശിച്ച് എംടി വാസുദേവന്‍ നായര്‍

ബുധന്‍, 28 ഡിസം‌ബര്‍ 2016 (11:11 IST)
നോട്ട് അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഷ്‌കാരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് എംടി വാസുദേവന്‍ നായര്‍. നോട്ടുകള്‍ പിന്‍വലിച്ച എല്ലാ രാജ്യങ്ങളും വലിയ ആപത്താണ് നേരിട്ടത്. അതിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് ആഫ്രിക്കന്‍ രാജ്യങ്ങളെന്നും ധനമന്ത്രി ഡോ. തോമസ് ഐസക് രചിച്ച 'കള്ളപ്പണ വേട്ട: മിഥ്യയും യാഥാര്‍ഥ്യവും' എന്ന പുസ്തകത്തിന്റെ പ്രകാശനം തിരൂരില്‍ നടത്തവെ എംടി വ്യക്തമാക്കി.  
 
അരക്കിറുക്കുകൊണ്ടു മാത്രമല്ല തുഗ്ലക് തന്റെ തലസ്ഥാനം മാറ്റിയത്. തന്റെ പരിഷ്‌കാരങ്ങള്‍ ആരും എതിര്‍ക്കാന്‍ പാടില്ലെന്ന ലക്ഷ്യത്തോടെയായിരുന്നു അദ്ദേഹം അതു ചെയ്തത്. തുഗ്ലക്കിന്റെ കൊട്ടാരത്തിലേക്ക് ജനങ്ങളുടെ എതിര്‍ശബ്ദം എത്തിയപ്പോഴാഴായിരുന്നു തലസ്ഥാനം മാറ്റാന്‍ അദ്ദേഹം തുനിഞ്ഞത്. ഇത്തരത്തിലുള്ള എതിര്‍പ്പുകള്‍ ഓരോ കാലത്തും ഉയര്‍ന്നുവരും. രാജ്യത്തിന്റെ ഏറ്റവും ഉത്തരവാദിത്വമുള്ള സ്ഥാനത്തുള്ളവര്‍ മാത്രമല്ല റിസര്‍വ്വ് ബാങ്കും ഇടക്കിടയ്ക്ക് നിലപാട് മാറ്റി പറയുകയാണെന്നും എംടി പറഞ്ഞു.  
 
നോട്ടുകള്‍ അസാധുവാക്കിയ നടപടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ എന്തിനുള്ള പുറപ്പാടാണ് എന്ന ചോദ്യമാണ് ഈ പുസ്തകമെഴുതാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് തോമസ് ഐസക് പറഞ്ഞു. നോട്ട് പിന്‍വലിച്ചതിലൂടെ മൂന്ന് ലക്ഷം കോടി ഉല്‍പാദന നഷ്ടമാണ് രാജ്യത്ത് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്‌കൃത സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ കെടി ഷംസാദ് ഹുസൈനാണ് എംടിയില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങിയത്.

വെബ്ദുനിയ വായിക്കുക