തോമസ് ഐസക്കിന് ലഭിക്കുന്ന അംഗീകാരത്തില്‍ ബല്‍റാമിന് അസൂയ: എംബി രാജേഷ്

ശനി, 5 സെപ്‌റ്റംബര്‍ 2015 (16:00 IST)
ഡോ. തോമസ് ഐസക്കിന്റെ ജൈവപച്ചക്കറി പദ്ധതിയേയും ഫേസ്‌ബുക്ക് ഇടപെടലുകളെയും വിമര്‍ശിച്ച എംഎല്‍എ വിടി ബല്‍റാമിനെതിരെ എംബി രാജേഷ് എംപി രംഗത്ത്. തോമസ് ഐസക്കിനും സിപിഎമ്മിനും ലഭിക്കുന്ന അംഗീകാരത്തില്‍ ബല്‍റാമിന് അസൂയ ഉണ്ടാകും. നിലവാരമില്ലാത്ത പ്രയോഗങ്ങളാണ് ബല്‍റാമിന്റെ പോസ്റ്റിലുടനീളമെന്നും രാജേഷ് പറഞ്ഞു.

തോമസ് ഐസക്കിനെയും ഇടത് നേതാക്കളെയും വിമര്‍ശിച്ച് ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ഇടുബോള്‍ ലഭിക്കുന്ന മാധ്യമ ശ്രദ്ധ ബല്‍റാമിനെ പ്രലോഭിപ്പിക്കുന്നുണ്ടാകും. സോഷ്യല്‍ മീഡിയയിലൂടെ പ്രതിച്ഛായ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന കൗശലക്കാര്‍ക്ക് അന്തസ്സും സത്യസന്ധതയും ഇല്ലാതെ പോയി. നല്ലത് അംഗീകരിക്കാനാവുന്നില്ല എന്ന് മാത്രമല്ല അസഹിഷ്ണുത മൂത്ത് ഇകഴ്ത്താനും അധിക്ഷേപിക്കാനും വരെ തുനിയുന്നുവെന്നും രാജേഷ് വ്യക്തമാക്കി.

ഫേസ്‌ബുക്ക് ഇല്ലെങ്കില്‍ കരക്ക് പിടിച്ചിട്ട മീനിനെപ്പോലെ പിടക്കാന്‍ മാത്രം അതില്‍ ജീവിക്കുന്നയാളല്ല തോമസ് ഐസക്ക്. അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ ഓരോന്നും പാര്‍ട്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങള്‍ പങ്കിടലാണ്. പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിറക്കുന്ന പോസ്റ്റുകളാണ് എന്നര്‍ത്ഥം. പോസ്റ്റുകളില്‍ തുടങ്ങി അതില്‍ ഒടുങ്ങുന്ന വാചകക്കസര്‍ത്തല്ല രാഷ്ട്രീയ പ്രവര്‍ത്തനവും ജനപ്രതിനിധിയുടെ ഇടപെടലും എന്നതിന് മാതൃകയാണ് ഐസക്കെന്നും രാജേഷ് ഫേസ്‌ബുക്കില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക