ശിവസേനയുടെ ഭീഷണിക്ക് പുല്ലുവില മാത്രം; മറൈന്‍ ഡ്രൈവില്‍ ആടിയും പാടിയും പ്രതിഷേധം - ചുംബിച്ച് കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍
കൊച്ചി മറൈന്‍ ഡ്രൈവിലെ ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധം ശക്തം. സംഭവത്തിൽ പ്രതിഷേധിച്ച് മറൈൻ ഡ്രൈവിൽ കിസ് ഓഫ് ലവ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. നൂറുകണക്കിന് ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
പ്രതിഷേധക്കാര്‍ ചിത്രം വരച്ചും, പാട്ടുകള്‍ പാടിയും തെരുവു നാടകം നടത്തുകയും ചെയ്‌തു. പരസ്പരം ചുംബിച്ചും കെട്ടിപ്പിടിച്ചും പ്രതിഷേധം ശക്തമായി. കിസ് ഓഫ് ലവിനെ കൂടാതെ മറ്റു പുരോഗമന സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുത്തു.
സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകൾ ആഹ്വാനം ചെയ്ത ‘സ്നേഹ ഇരിപ്പു സമര’വും അരങ്ങേറി. കെഎസ്‌യു പ്രവർത്തകരും ‘സദാചാര ചൂരല്‍ സമര’വുമായി രംഗത്തുണ്ട്. കമ്മിഷണറുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം മറൈൻ ഡ്രൈവിൽ എത്തിയിരുന്നു.