പത്തനാപുരത്തെ തന്റെ ജയത്തിന് മാറ്റ് കൂട്ടിയത് സലിം കുമാര്‍; മോഹന്‍ലാലിനെ കുറിച്ച് പറയുവാന്‍ അദ്ദേഹത്തിന് എന്ത് യോഗ്യതയുണ്ട് - സലിം കുമാറിനെതിരെ ആഞ്ഞടിച്ച് ഗണേഷ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്തെ കേരളാ കോണ്‍ഗ്രസിന്റെ (ബി) പ്രചാരണ യോഗത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ മോഹന്‍ലാലിനെ വിമര്‍ശിച്ച സലിം കുമാറിനെതിരേ പത്തനാപുരം എംഎല്‍എ ഗണേഷ് കുമാര്‍. മോഹന്‍ലാല്‍ പ്രചാരണത്തിന് എത്തിയതിന്റെ പേരില്‍ തനിക്കെതിരെ സലിം കുമാര്‍ ഉയര്‍ത്തിയ ആരോപണങ്ങളും തുടര്‍ന്നുണ്ടായ പ്രസ്‌താവനകളും തനിക്ക് ഗുണം ചെയ്‌തെന്ന് ഗണേഷ്.
തെരഞ്ഞെടുപ്പിന്റെ നിര്‍ണായകസമയത്ത് സലിം കുമാര്‍ നടത്തിയ പ്രസ്‌താവനകള്‍ തനിക്ക് ഗുണം ചെയ്‌തു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പലയിടത്തും പ്രസംഗിച്ചുനടന്ന സലിം കുമാറിന് മോഹന്‍ലാലിനെ കുറിച്ച് പറയുവാന്‍ എന്ത് യോഗ്യതയാണുള്ളത്. താരസംഘടനയായ അമ്മയുടെ യോഗങ്ങളില്‍ നിന്ന് രണ്ടു വര്‍ഷങ്ങളായി വിട്ടിനില്‍ക്കുന്ന അദ്ദേഹം സംഘടനയില്‍ രാജിവച്ചതില്‍ തെറ്റില്ല. യോഗങ്ങളില്‍ പങ്കെടുക്കാത്ത ഒരാള്‍ രാജിവെക്കുന്നതും ഇല്ലാത്തതും ഒരുപോലെയാണെന്നും ഗണേഷ് വ്യക്തമാക്കി.
എന്നെ ഒരു സഹോദരനെ പോലെ കാണുന്ന മോഹന്‍ലാല്‍ പത്തനാപുരത്ത് വന്നതില്‍ എന്താണ് വിവാദമുണ്ടാക്കേണ്ടത് എന്തിനാണ്. എന്നാല്‍ ഈ വിവാദങ്ങള്‍ തനിക്ക് ഗുണം ചെയ്‌തു. പത്തനാപുരത്ത് ജയിപ്പിച്ചതില്‍ സലിം കുമാറിനോട് നന്ദി പറയുന്നു. വിവാദങ്ങള്‍ ഉണ്ടാക്കിയത് അദ്ദേഹം തന്നെ സഹായിക്കാൻ ചെയ്തതാണെന്നേ ഞാൻ വിശ്വസിക്കുന്നുള്ളൂവെന്നും ഗണേഷ് പറഞ്ഞു.
മൂന്ന് താരങ്ങൾ മത്സരിച്ച മണ്ഡലത്തിൽ നിന്ന് 25,000ത്തില്‍പരം വോട്ടുകള്‍ക്കാണ് ഗണേഷ് കുമാര്‍ ജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജഗദീഷും ബിജെപി സ്ഥാനാര്‍ഥിയായി ഭീമന്‍ രഘുവുമാണ് മത്സരം രംഗത്ത് ഉണ്ടായിരുന്നത്. ഗണേഷിന് വേണ്ടി മോഹന്‍ലാല്‍ പത്തനാപുരത്ത് എത്തിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അനുഭാവിയായ സലിം കുമാര്‍ മോഹന്‍ലാലിനെതിരെയും താരസംഘടനയ്‌ക്ക് എതിരെയും ആക്ഷേപങ്ങള്‍ ഉന്നയിച്ച ശേഷം രാജിവക്കുകയായിരുന്നു.