മൊബൈൽ ആപ്പിലൂടെ 4000 വായ്പയെടുത്ത് വീട്ടമ്മയെ ഭീഷണിപ്പെടുത്തി 43500 തട്ടിയെടുത്ത മൂന്നു പേർ പിടിയിൽ

എ കെ ജെ അയ്യര്‍

വെള്ളി, 15 മാര്‍ച്ച് 2024 (18:36 IST)
മലപ്പുറം: മൊബൈൽ ആപ്പിലൂടെ 4000 വായ്പയെടുത്ത് വീട്ടമ്മയെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി 43500 തട്ടിയെടുത്ത മൂന്നു പേർ പിടിയിലായി. കോഴിക്കോട് വടകര വള്ളിക്കാട് സ്വദേശി അശ്വന്ത് ലാൽ (23), തയ്യൽ കുനിയിൽ അഭിനാഥ് (26), കോഴിപ്പറമ്പത് സുമിത് കൃഷ്ണൻ (21) എന്നീ യുവാക്കളെയാണ് പോലീസ് പിടികൂടിയത്.  

എടക്കര പോലീസ് ഇൻസ്‌പെക്ടർ എസ്അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. എടക്കര സ്വദേശിനിയെയാണ് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സൈബർ കാർഡ് എന്ന ആപ്പിലൂടെയാണ് വീട്ടമ്മ പണം വായ്‌പയെടുത്തത്. പലിശ സഹിതം തിരിച്ചടയ്ക്കുകയും ചെയ്തു.

എന്നാൽ കൂടുതൽ പണം വേണമെന്നും ഇല്ലെങ്കിൽ നഗ്ന ചിത്രങ്ങൾ ബന്ധുക്കൾക്കും മറ്റും അയയ്ക്കും എന്ന് ഭീഷണിപ്പെടുത്തി പല തവണയായി 43500 രൂപ പ്രതികൾ തട്ടിയെടുത്ത്. സഹികെട്ട യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. സീനിയർ പോലീസ് ഉദ്യോഗസ്ഥരായ അനൂപ്, പ്രീതി, ഉണ്ണികൃഷ്ണൻ, സാഹിബ് അലി, ബിന്ദു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍