മാപ്പ് പറഞ്ഞാല്‍ ഗണേഷിന് തലയൂരാം; എംഎല്‍എയെ രക്ഷിക്കാന്‍ ബാലകൃഷ്ണപിള്ള - കേസ് ഒത്തുതീർപ്പിലേക്ക്

ശനി, 23 ജൂണ്‍ 2018 (17:53 IST)
കാറിന് സൈഡ് നല്‍കിയില്ലെന്ന കാരണത്താല്‍ യുവാവിനെ മർദിച്ച സംഭവത്തിൽ കേരളാ കോണ്‍ഗ്രസ് (ബി) നേതാവും എംഎല്‍എയുമായ കെബി ഗണേഷ് കുമാറിനെതിരായ കേസ് ഒത്തുതീർപ്പിലേക്ക്.

ഗണേഷിന്റെ പിതാവ് കെ ബാലകൃഷ്ണപിള്ളയും എന്‍എസ്എസ് പ്രാദേശിക നേതൃത്വവും ഇടപെട്ടാണ് കേസ്  ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുന്നത്. ഇവര്‍ യുവാവിന്റെ കുടുംബവുമായി ചർച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം യുവാവിന്റെ കുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്.

ചർച്ച വിജയകരമായാൽ ഗണേഷ് കുമാറിനെതിരായ പരാതി പിൻവലിക്കുമെന്നാണ് കുടുംബത്തിന്റെ നിലപാട്. ഗണേഷ് ഒന്നുകിൽ പരസ്യമായി മാപ്പു പറയണം അല്ലെങ്കിൽ മാപ്പ് എഴുതി നൽകണമെന്നാണ് ആവശ്യം.

കേസിൽ മർദിക്കപ്പെട്ട അനന്തകൃഷ്ണന്റെ അമ്മ ഷീനയുടെ രഹസ്യമൊഴി കഴിഞ്ഞയാഴ്ച കോടതി രേഖപ്പെടുത്തിയതോടെയാണ് കേസ് അടിയന്തരമായി ഒത്തുതീർപ്പാക്കാൻ ഗണേഷിന്റെ ഭാഗത്തു നിന്ന് ശമം ആരംഭിച്ചത്.

യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഗണേഷിനെ പ്രതിക്കൂട്ടിലാക്കി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിരുന്നു. ഗണേഷും പിഎ പ്രദീപും പരാതിക്കാരനായ അനന്തകൃഷ്ണനെ കൈയ്യേറ്റം ചെയ്തതായി സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു.

പ്രദീപ് അനന്തകൃഷ്ണന്റെ തോളില്‍ അടിച്ചു. കാറില്‍ നിന്ന് ഇറങ്ങിവന്ന ഗണേഷ് പിടിച്ച് തള്ളിയെന്നും അനന്തകൃഷ്ണന്റെ അമ്മയെ അസഭ്യം പറഞ്ഞുവെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.

അഞ്ചൽ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎൽഎ. ഇതേ വീട്ടിൽനിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവർ സഞ്ചരിച്ച കാർ എംഎൽഎയുടെ കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞു ഗണേഷും ഡ്രൈവറും മർദ്ദിച്ചുവെന്നാണ് യുവാവിന്റെ പരാതി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍