സ്വാശ്രയ മെഡിക്കൽ പ്രവേശനം: മുഴുവൻ സീറ്റുകളും സർക്കാർ ഏറ്റെടുത്തു - മാനേജ്മെന്റുകള്‍ കോടതിയെ സമീപിച്ചേക്കും

ശനി, 20 ഓഗസ്റ്റ് 2016 (19:52 IST)
സംസ്ഥാനത്തെ മുഴുവൻ സ്വാശ്രയ മെഡിക്കൽ കോളേജുകളിലും പ്രവേശനം നടത്താനുള്ള അവകാശം സർക്കാർ ഏറ്റെടുത്തു. സ്വാശ്രയ കോളജുകളിലെ മെഡിക്കൽ, ബിഡിഎസ് കോഴ്സുകളിലെ പ്രവേശനമാണ് സർക്കാർ നിയന്ത്രണത്തിലാക്കിയത്.

എൻആർഐ സീറ്റിലടക്കം മുഴുവൻ സീറ്റിലും സർക്കാർ പ്രവേശനം നടത്തും. 50ശതമാനം വരുന്ന മെറിറ്റ് സീറ്റിലെ പ്രവേശനം സംസ്ഥാന സർക്കാർ നടത്തിയ പ്രവേശന പരീക്ഷയെ അടിസ്ഥാനമാക്കി ആയിരിക്കും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി.

ഈ വർഷത്തെ മെഡിക്കൽ പ്രവേശനത്തിനായി മാനേജ്മെന്റ് പ്രതിനിധികളുമായി സർക്കാർ ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. തുടർന്ന് സ്വന്തം നിലയിൽ പ്രവേശനം നടത്തുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചിരുന്നു. ഇതിനെ മറികടക്കാനാണ് എല്ലാ സീറ്റുകളും ഏറ്റെടുത്ത് കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.

സർക്കാർ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക