കേരളത്തിന് 400 എംബിബിഎസ് സീറ്റുകള്‍ നഷ്ടമായി!

ചൊവ്വ, 15 ജൂലൈ 2014 (17:35 IST)
കേരളത്തിലെ നാല് മെഡിക്കല്‍ കോളജുകളിലെ 400 എംബിബിഎസ് സീറ്റുകള്‍ നഷ്ടമായി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് സീറ്റുകള്‍ വെട്ടിക്കുറച്ചത്. മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് സീറ്റുകള്‍ കുറച്ചത്.
 
മതിയായ സൌകര്യമില്ലത്തതും വേണ്ടത്ര അധ്യാപകരില്ലാത്തതുമാണ് കേരളത്തിന് തിരിച്ചടിയായത്. അടിസ്ഥാന സൗകര്യമില്ളെന്ന മെഡിക്കല്‍ കൗണ്‍സിലിന്‍്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
 
2014 -15 അധ്യയന വര്‍ഷത്തില്‍ പ്രവേശം നടത്തരുതെന്ന് നിര്‍ദ്ദേശം നല്‍കിയെങ്കിലും ഏതൊക്കെ മെഡിക്കല്‍ കോളജുകളിലെ സീറ്റുകളാണ് വെട്ടിക്കുറച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തത് സംബന്ധിച്ച് കേരളം നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടണ്ടതിനെ തുടര്‍ന്നാണ് സീറ്റുകള്‍ കുറക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തത്.
 
കേന്ദ്ര ആരോഗ്യ മന്ത്രാലയം രാജ്യത്താകെ 45 മെഡിക്കല്‍ കോളജുകളുടെ അംഗീകാരം റദ്ദാക്കിയതായും 16 പുതിയ മെഡിക്കല്‍ കോളജുകള്‍ തുടങ്ങാന്‍ നടപടി തുടങ്ങിയതായും മന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക