സംസ്ഥാനത്ത് സായുധ ശക്തിയാകുക എന്ന ലക്ഷ്യവുമായി അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയില്‍ മാവോയിസ്റ്റുകള്‍ റിക്രൂട്ട്‌മെന്റിനുള്ള നീക്കങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. കുറുമ്പ മേഖലയിലെ ആദിവാസി ഊരുകളില്‍ നിന്നുള്ളവരോട് സേനയില്‍ ചേരണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തുന്നുണ്ടെന്നാണ് ഊരുനിവാസികള്‍ അധികൃതരെ അറിയിച്ചിരിക്കുന്നത്. ഇതോടെ പൊലീസ് കൂടുതല്‍ ജാഗ്രതയിലായി.
കാടിളക്കി സംസ്ഥാനത്തിന്റെ മാവോയിസ്റ്റ് വിരുദ്ധ സേനയായ തണ്ടര്‍ ബോള്‍ട്ട് തിരച്ചില്‍ നടത്തുമ്പോഴും മാവോയിസ്റ്റുകള്‍ യഥേഷ്ടം വന്നുപോകുന്നത് ആഭ്യന്തര വകുപ്പിനെ പ്രതിരോധത്തിലാഴ്ത്തിയിട്ടുണ്ട്. അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ആനവായ്, ഗലസി, കടുകുമണ്ണ, തുടുക്കി, മേലേ ഭൂതയാര്‍, കിണറ്റുകര തുടങ്ങിയ കുറുമ്പ ആദിവാസി ഊരുകളിലാണ് മാവോയിസ്റ്റ് പ്രവര്‍ത്തകരുടെ ക്യാമ്പയിന്‍ പ്രധാനമായും നടക്കുന്നത് എന്ന് ആദിവാസികള്‍ വ്യക്തമാക്കുന്നു.
അതേ സമയം മാവോയിസ്റ്റ് സേനയില്‍ ചേരില്ലെന്ന് വ്യക്തമാക്കിയിട്ടും ഇവര്‍ ഉരുകളിലെ ഓരോ വിട്ടിലും എത്തി ശക്തമായ ബോധവല്‍ക്കരണമാണ് നടത്തുന്നത്. ആദിവാസി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങളുടെ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. സ്ത്രീകളുള്‍പ്പടെയുള്ള സംഘമാണ് ഊരുകളിലെത്തുന്നതെന്ന് ഊരുനിവാസികള്‍ വ്യക്തമാക്കുന്നു. നിരന്തരമായി ആദിവാസികളെ സമീപിച്ച് അവരെ മാവോയിസ്റ്റ് സേനയിലേക്ക് എത്തിക്കുക എന്നതാണ് ഇവര്‍ ലക്ഷ്യമിടുന്നത്.
രാത്രി ഊരിലെത്തുന്ന ഇവര്‍ എല്ലാവരെയും വിളിച്ച് ചേര്‍ക്കുകയും തങ്ങളോടൊപ്പം ചേരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയുമാണ് ചെയ്യുന്നത്. എന്നാല്‍ തങ്ങള്‍ സര്‍ക്കാരിനെതിരെ പോരാടാനില്ലെന്നാണ് ആദിവാസികള്‍ പറയുന്നത്. പ്രാദേശികമായി ആളുകളെ ചേര്‍ക്കാന്‍ കഴിഞ്ഞാല്‍ വനത്തിനുള്ളില്‍ കഴിയുന്ന ഊരുകളെ പൂര്‍ണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മാവോയിസ്റ്റ് പ്രവര്‍ത്തകര്‍.