മാവോയിസ്റ്റുകളെ ജനപിന്തുണയോടെ നേരിടാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മവോയിസ്റ്റ് വിരുദ്ധനീക്കങ്ങള്‍ക്ക് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയും മന്ത്രി അഭ്യര്‍ഥിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
മാവോയിസ്റ്റുകളെ പിടികൂടണമെന്നാണ് സര്‍ക്കാര്‍ നയം. അവര്‍ക്ക് കേരളത്തില്‍ ജനപിന്തുണയില്ല. മാവോയിസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിന്റെ ഭാഗമായി തണ്ടര്‍ബോള്‍ട്ട് സേനയുടെ ഒരു യൂണിറ്റുകൂടി രൂപീകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വയനാട്ടില്‍ മാവോയിസ്റ്റ് സ്വാധീനം വര്‍ധിക്കുന്നതു തടയാന്‍ സര്‍ക്കാര്‍ ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ സജീവമാക്കി സര്‍വ്വ വിഭാഗങ്ങളില്‍ നിന്നുള്ള പിന്തുണയും നേടുമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളമുണ്ടയില്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തെ മാവോയിസ്റ്റുകള്‍ നേരിട്ടുവെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് പുറമെ ഉന്നതപൊലീസ്, റവന്യു ഉദ്യോഗസ്ഥരും പങ്കെടുക്കും. ഈ യോഗത്തിന് മുന്നോടിയായി എഡിജിപി ഹേമചന്ദ്രന്റെയും കണ്ണൂര്‍ റേഞ്ച് ഡിഐജി: ദിനേന്ദ്ര കശ്യപിന്റെയും നേതൃത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗവും ചേരും.