ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിയും നിശിതമായി വിമര്‍ശിച്ചതോടെ ധനമന്ത്രി കെ.എം മാണിക്ക് മേല്‍ രാജിസമ്മര്‍ദ്ദമേറി. എന്നാല്‍ കോടതി വിധിയോട് പ്രതികരിക്കവേ തനിക്കെതിരെ ഗൂഡാലോചനയുണ്ടായി എന്ന് മാണി വീണ്ടും ആരോപണം ഉന്നയിച്ചതോടെ മാണി രാജിവയ്ക്കാന്‍ സന്നദ്ധനല്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ഇതോടെ മാണിയില്‍ നിന്ന് നിര്‍ബന്ധിത രാജി ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് യുഡിഎഫ നേതൃത്വം. മുഖ്യമന്ത്രി രാജി ആവശ്യപ്പെടണമെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പങ്കുവെയ്ക്കുന്നത്. മാണി രാജി വെയ്ക്കുന്നതാണ് ഉചിതമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. ഇനി മാണി രാജിവയ്ക്കാന്‍ മാണി ഉപാധികള്‍ വയ്ക്കുകയാണെന്കില്‍ മാണിയെ യുഡിഎഫ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയേക്കും.
എന്നാല്‍ ഈ അറ്റകൈ പ്രയോഗം നടത്താന്‍ യുഡിഎഫ് നേതാക്കള്‍ ഒരുക്കമല്ല. മുന്നണിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തരത്തില്‍ വിഷയം കൈവിട്ട് പോയതിനാല്‍ ഇനി മാണി രാജിവയ്ക്കാതെ ഒരു ഒത്തുതീര്‍പ്പിനും യുഡിഎഫ് ഒരുക്കമല്ല.
മാണിക്ക് ഒരു ഉപാധിയും മുന്നോട്ടുവെയ്ക്കാനാകില്ലെന്നും രാജിവെച്ചില്ലെങ്കില്‍ ജനത്തോടുള്ള വെല്ലുവിളിയാണെന്നും കെപിസിസി വക്താവ് പന്തളം സുധാകരന്‍ അഭിപ്രായപ്പെട്ടു. കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി സതീശനും സമാനമായ അഭിപ്രായപ്രകടനമാണ് നടത്തിയത്. അതിനിടെ മാണിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. മാണിക്ക് കൂടുതല്‍ സമയം അനുവദിച്ചാല്‍ കോണ്‍ഗ്രസില്‍ തന്നെ കലാപക്കൊടി ഉയരുമെന്നതിനാല്‍ മാണിയുടെ രാജി ആവശ്യപ്പെടാന്‍ തന്നെയാണ് ഉമ്മന്‍ചാണ്ടിയുടെ തീരുമാനം.