അമേരിക്കന്‍ സര്‍വ്വകലാശാലയില്‍ മലയാളിവിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു; അഗ്‌നിശമന വകുപ്പിന്റെ വാഹനം ശരീരത്തിലൂടെ കയറിയിറങ്ങിയാണ് മരണം സംഭവിച്ചതെന്ന് റിപ്പോര്‍ട്ട്

തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (12:22 IST)
അമേരിക്കയില്‍ സര്‍വ്വകലാശാലയില്‍ വാഹനമിടിച്ച് മലയാളി വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു.
കണക്‌ടിക്കറ്റ് സര്‍വ്വകലാശാലയില്‍ അഗ്നിശമന വകുപ്പിന്റെ വാഹനമിടിച്ചാണ് 19കാരിയായ വിദ്യാര്‍ത്ഥിനിയും മലയാളിയുമായ ജെഫ്‌നി പാലി ചെമ്മരപ്പള്ളില്‍  കൊല്ലപ്പെട്ടത്. അമേരിക്കയില്‍ വെസ്റ്റ് ഹാര്‍ട്ട്‌ഫോഡ് നിവാസിയാണ് ജെഫ്‌നി.
 
ഞായറാഴ്ച പുലര്‍ച്ചെ ഒന്നേകാലിനായിരുന്നു സംഭവം. അഗ്‌നിശമനവാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്ന ഗാരേജിന്റെ വാതിലിനു സമീപം നില്‍ക്കുകയായിരുന്നു ജെഫ്‌നി. ആ സമയത്ത് അടിയന്തര ആവശ്യത്തെ തുടര്‍ന്ന് പുറത്തിറക്കിയ എസ് യു വിയുടെ തുറന്ന വാതിലില്‍ തട്ടി ജെഫ്‌നി വീഴുകയായിരുന്നു. എന്നാല്‍, ഇത് ശ്രദ്ധയില്‍പ്പെടാതിരുന്നതിനെ ഡ്രൈവര്‍ വാഹനം മുന്നോട്ട് എടുക്കുകയും ജെഫ്‌നിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ഇങ്ങനെയാണ് മരണം സംഭവിച്ചതെന്നാണ് സ്റ്റേറ്റ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.
 
അതേസമയം, അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

വെബ്ദുനിയ വായിക്കുക