തിങ്കളാഴ്ചയുടെ പ്രഭാതം മലയാളസിനിമാലോകത്തിന് സമ്മാനിച്ചത് മരണത്തിന്റെ ഞെട്ടല്‍ ആയിരുന്നു. തങ്ങള്‍ക്കൊപ്പം തമാശകളുമായി സെറ്റുകളില്‍ നിറഞ്ഞുനിന്നിരുന്ന കല്പന ഇനിയില്ല എന്നുള്ള സത്യം ഉള്‍ക്കൊള്ളാന്‍ മലയാള സിനിമാലോകം ഇനിയും തയ്യാറായിട്ടില്ല എന്നതാണ് സത്യം. ഇന്നസെന്റിന്റെയും കെ പി എ സി ലളിതയുടെയും ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണണങ്ങള്‍ അക്കാര്യം വ്യക്തമാക്കുന്നത് ആയിരുന്നു. ഹൈദരാബാദില്‍ ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായി എത്തിയപ്പോള്‍ ആയിരുന്നു കല്പനയെ മരണം കവര്‍ന്നെടുത്തത്. മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഒരുപിടി കഥാപാത്രങ്ങള്‍ തന്നാണ് ഹാസ്യത്തിന്റെ കല്പന ഓര്‍മ്മയായത്.
ബാലതാരമായിട്ടായിരുന്നു വെള്ളിത്തിരയുടെ അഭ്രപാളികളിലേക്ക് കല്പന എത്തിയത്. 1977ല്‍ ആയിരുന്നു സിനിമയുടെ വെള്ളിവെളിച്ചം കല്പനയുടെ ജീവിതത്തിലും എത്തിയത്. വിടരുന്ന മൊട്ടുകള്‍, ദ്വിഗ്‌വിജയം തുടങ്ങിയ ചിത്രങ്ങളിലായിരുന്നു ബാലതാരമായി കല്പന വേഷമിട്ടത്. പിന്നീട്, 1981ല്‍ ആണ് സിനിമാലോകത്ത് അവര്‍ സജീവമായത്. ഒട്ടും താല്പര്യമില്ലാതെ സിനിമയില്‍ എത്തിയ കല്പനയാണ് പിന്നീട് മലയാളസിനിമാഹാസ്യലോകത്ത് തന്റേതായ കസേര വലിച്ചിട്ടത്. എന്നാല്‍, ഹാസ്യം മാത്രമല്ല സ്വാഭാവിക അഭിനയവും അവര്‍ക്ക് വഴങ്ങുമായിരുന്നു. ഏറ്റവും അവസാനമായി കല്പന അഭിനയിച്ച് റിലീസ് ചെയ്ത ചിത്രം ‘ചാര്‍ലി’യിലെ പ്രകടനം തന്നെ അതിന് തെളിവായിരുന്നു. ചാര്‍ലിയിലെ ‘മേരി’ കാഴ്ചക്കാര്‍ക്ക് വേദനയും നൊമ്പരവും തന്നാണ് ആഴക്കടലില്‍ മറഞ്ഞത്. അതുപോലെ തന്നെ പെട്ടെന്നൊരു ദിവസം അപ്രതീക്ഷിതമായി ജീവിതപുസ്തകം മടക്കിവെച്ച് അവര്‍ യാത്രയായിരിക്കുകയാണ്.
ഗാന്ധര്‍വം, കളിവീട്, മിഴി രണ്ടിലും, വിസ്‌മയത്തുമ്പത്ത്, മാമ്പഴക്കാലം, പോസ്റ്റ് ബോക്സ് നമ്പര്‍ 27, പഞ്ചവടിപ്പാലം, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, പൂക്കാലം വരവായി, കൌതുകവാര്‍ത്തകള്‍, അടയാളം, ഇഞ്ചക്കാടന്‍ മത്തായി ആന്‍ഡ് സണ്‍സ്, ഉപ്പുകണ്ടം ബ്രദേഴ്സ്, ബട്ടര്‍ഫ്ലൈസ്, കാവടിയാട്ടം, കാബൂളിവാല, നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗളൂര്‍ നോര്‍ത്ത്, അരമന വീടും അഞ്ഞൂറേക്കറും, ന്യൂസ് പേപ്പര്‍ ബോയ്, അച്‌ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്, മന്ത്രിക്കൊച്ചമ്മ, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, കണ്ണകി, അനുരാഗകൊട്ടാരം, വെള്ളിത്തിര, സാള്‍ട്ട് ആന്റ് പെപ്പര്‍, ബാംഗളൂര്‍ ഡേയ്സ്, ഇന്ത്യന്‍ റുപ്പീ, ലാവന്‍ഡര്‍ എന്നിവ കല്പന അഭിനയിച്ച ചില ചിത്രങ്ങള്‍ മാത്രം. ചാര്‍ലിയാണ് കല്പനയുടെ റിലീസ് ചെയ്ത അവസാന ചിത്രം. മാനം തെളിഞ്ഞു, ഇഷ്‌ടമാണു പക്ഷേ അച്‌ഛനാണു പ്രശ്നം, സ്വപ്നത്തേക്കാള്‍ സുന്ദരം, വയ്യാവേലി എന്നിവ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങളാണ്.
സത്യസന്ധമായ പെരുമാറ്റമായിരുന്നു കല്‍പനയുടെ മുഖമുദ്ര. എന്ത് കാര്യമായാലും തുറന്ന് പറയുന്ന ശീലമായിരുന്നു കല്‍പനയ്ക്ക്. എല്ലാവരുടെയും വിശേഷങ്ങള്‍ അന്വേഷിക്കുകയും സിനിമാലോകത്തുള്ള എല്ലാവരുമായും തരം തിരിവില്ലാതെ സൌഹൃദം സൂക്ഷിച്ച കല്പന എന്നാല്‍, സ്വന്തം വിഷമങ്ങളും സങ്കടങ്ങളും മറ്റുള്ളവരുമായി പങ്കു വെയ്ക്കാന്‍ ആഗ്രഹിച്ചില്ല. അതുകൊണ്ടു തന്നെ കല്പന കരള്‍ - ഹൃദ്രോഗ ബാധിതയായിരുന്നു എന്ന വിവരം സിനിമാലോകം പോലും അറിഞ്ഞത് അവരുടെ മരണത്തിനു ശേഷമായിരുന്നു.