ബന്ധം ആടിയുലയുന്നു; വെള്ളാപ്പള്ളിയുടെ വായടപ്പിച്ച് കുമ്മനത്തിന്റെ കട്ട മറുപടി

തിങ്കള്‍, 20 മാര്‍ച്ച് 2017 (14:19 IST)
മലപ്പുറത്തെ സ്ഥാനാർഥി നിർണയം സംബന്ധിച്ച് എൻഡിഎയിൽ പൊട്ടിത്തെറിയുണ്ടായതിന് പിന്നാലെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ രംഗത്ത്.

മലപ്പുറം സീറ്റ് ബിജെപിയുടേതാണ്, അതിനാല്‍ അവിടെ ആര് മത്സരിക്കണമെന്ന് പാർട്ടിയാണ് തീരുമാനിക്കുന്നത്. മുന്നണിയിൽ യാതൊരു പ്രശ്നങ്ങളുമില്ല. എന്തെങ്കിലും അഭിപ്രായ വിത്യാസങ്ങൾ ഉണ്ടെങ്കിൽ അത് പറഞ്ഞ് തീർക്കും. ദേശീയ നേതൃത്വവുമായി കാര്യങ്ങൾ ചർച്ച ചെയ്യുന്നത് നല്ലതാണെന്നും കുമ്മനം കൂട്ടിച്ചേർത്തു.

നേരത്തെ ബിജെപിക്കെതിരെ രൂക്ഷമായ ആരോപണമാണ് വെള്ളാപ്പള്ളി നടത്തിയത്. സ്ഥാനാർഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ചതിനാല്‍ ബിജെപി സ്ഥാനാർഥിയെ പിന്തുണക്കേണ്ട ബാധ്യത ബിഡിജെഎസിന് ഇല്ല. മുന്നണി മര്യാദകളുടെ സകലസീമകളും ലംഘിക്കുന്ന നടപടികളാണ് സമീപകാലത്ത് ബിജെപിയിൽ നിന്നുണ്ടാകുന്നത്. സഖ്യകക്ഷികളോട് ആലോചിക്കാതെ എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. കേരളത്തിൽ എൻഡിഎ സംവിധാനം പ്രവർത്തിക്കുന്ന സാഹചര്യമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.

ബിജെപി സ്ഥാനാർഥി എങ്ങനെ എൻഡിഎയുടെ സ്ഥാനാർഥിയാകും. ബിഡിജെഎസിനെ വിഴുങ്ങാമെന്ന് കരുതേണ്ട. ബിഡിജെഎസ് അണികൾ ബിജെപിയിൽ ലയിക്കുമെന്ന പ്രതീക്ഷ ആർക്കും വേണ്ട. കേരളത്തിൽ ബിജെപിയെക്കാൾ ശക്തി ഞങ്ങള്‍ക്കാണ്. ഭാവിയിൽ ഏത് മുന്നണിയുമായും പാർട്ടി സഹകരിക്കാൻ സാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക