സേനയില്‍ അഴിമതി വച്ചുപൊറുപ്പിക്കില്ല; ജിഷ വധക്കേസ് അന്വേഷണത്തിന് കൂടുതല്‍ പരിഗണന, പൊലീസ് മേധാവിയാകാന്‍ ശ്രമം നടത്തിയിട്ടില്ല- ലോക്നാഥ് ബെഹ്റ
ചൊവ്വ, 31 മെയ് 2016 (09:43 IST)
സേനയില്‍ അഴിമതിവച്ചു പൊറുപ്പിക്കില്ലെന്ന് പുതിയ ഡിജിപി ലോക്നാഥ് ബെഹ്റ. സംസ്ഥാന പൊലീസ് മേധാവിയാകാന്‍ താന്‍ യാതൊരു ശ്രമവും നടത്തിയിട്ടില്ല. അപ്രതീക്ഷിതമായിട്ടാണ് ഈ നിയമനം. പുതിയ തസ്‌തിക ലഭിച്ചതില്‍ സന്തോഷമുണ്ട്. പെരുമ്പാവൂരിലെ ജിഷ വധക്കേസ് അന്വേഷണത്തിന് പ്രത്യേക പരിഗണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സിബിഐ മാതൃകയിലുള്ള ഒരു സംഘം പൊലീസില്‍ കൊണ്ടുവരും. സേനയില്‍ താന്‍ കുറെ മാറ്റങ്ങള്‍ കൊണ്ടുവരും. അഴിമതിയില്ലാത്ത സേന എന്നത് അത്യാവശ്യമാണ്. സെന്‍കുമാറിനെ മാറ്റിയതിനുള്ള കാരണം എന്തെന്ന് അറിയില്ല. എല്ലാവരും സര്‍ക്കാര്‍ ജീവനക്കാരാണ്. ഗവണ്‍മെന്റിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വം കൂടിയാണെന്നും ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
അതേസമയം, സേനയിലെ അഴിച്ചുപണിയില്‍ സെന്‍കുമാറിന് അതൃപ്‌തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡിജിപി സ്ഥാനത്തു നിന്നും മാറ്റിയ സെന്‍കുമാറിന് കേരള പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എംഡിയായിട്ടാണ് പുതിയ നിയമനം. എന്നാല്‍, പുതിയ തസ്‌തിക ഉടന്‍ ഏറ്റെടുക്കേണ്ടതില്ല എന്നാണ് സെന്‍കുമാറിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ അവധിയില്‍ പോകാനും അദ്ദേഹം പദ്ധതിയിടുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
ഉച്ചയോടെ ഉത്തരവ് ലഭിക്കുമെന്നും അപ്പോള്‍ പ്രതികരിക്കാമെന്നുമാണ് സെന്‍കുമാര്‍ വ്യക്തമാക്കുന്നത്. ക്രമസമാധാനത്തിന്റെ ചുമതലുള്ള പൊലീസ് മേധാവിയെ തസ്‌തികയില്‍ നിന്ന് മാറ്റുന്നതിന് വ്യക്തമായ കാരണങ്ങള്‍ നിരത്തേണ്ടതുണ്ട്. തിങ്കളാഴ്‌ച രാത്രി ഏറെ വൈകിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസ് തലപ്പത്തെ അഴിച്ചു പണിയുടെ ഫയലില്‍ ഒപ്പുവച്ചത്. ഈ ഫയലില്‍ എന്താണ് തനിക്കെതിരെ ആരോപിക്കുന്നതെന്നും അറിയാന്‍ സെന്‍കുമാര്‍ നീക്കം നടത്തുന്നുണ്ട്.