യാത്രയ്ക്ക് സത്യവാങ്മൂലം, ലോക്ക്ഡൗണ്‍ സ്ഥലങ്ങളില്‍ പാസ്; ഇളവുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍

വ്യാഴം, 17 ജൂണ്‍ 2021 (08:10 IST)
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തില്‍ കുറവുള്ള സ്ഥലങ്ങളിലെ യാത്രയ്ക്ക് ഇനിമുതല്‍ നിയന്ത്രണങ്ങളൊന്നുമില്ല. അതായത്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടില്‍ താഴെയുള്ള സ്ഥലത്തുനിന്ന് അതേ കാറ്റഗറിയില്‍ പെടുന്ന സ്ഥലത്തേക്ക് മാത്രമാണ് യാതൊരു നിയന്ത്രണങ്ങളും ഇല്ലാത്തത്. 
 
എന്നാല്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തില്‍ കുറവുള്ള സ്ഥലങ്ങളില്‍ നിന്ന് ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിലേക്ക് പോകാന്‍ യാത്രക്കാര്‍ എഴുതി പൂരിപ്പിച്ച സത്യവാങ്മൂലം വേണം. 
 
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടില്‍ താഴെയുള്ള സ്ഥലങ്ങളില്‍ നിന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് മുതല്‍ 20 വരെയുള്ള സ്ഥലങ്ങളില്‍ നിന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ (ടി.പി.ആര്‍. 20 മുതല്‍ 30 വരെ ഉള്ള പ്രദേശങ്ങള്‍) ഉള്ള സ്ഥലങ്ങളിലേക്ക് മെഡിക്കല്‍ ആവശ്യങ്ങള്‍, വിവാഹച്ചടങ്ങുകള്‍, മരണാനന്തര ചടങ്ങുകള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക ആവശ്യങ്ങള്‍ മുതലായവയുമായി ബന്ധപ്പെട്ട് യാത്രചെയ്യുന്നവര്‍ക്ക് പോലീസ് പാസ് വേണം.

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉള്ള സ്ഥലങ്ങളില്‍നിന്ന് ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സ്ഥലത്തേക്കും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ സ്ഥലത്തേക്കും യാത്രചെയ്യാനും പാസ് ആവശ്യമാണ്. പാസ് ലഭിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം വെള്ളക്കടലാസില്‍ അപേക്ഷ തയ്യാറാക്കി നല്‍കിയാല്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍നിന്ന് പാസ് ലഭിക്കും.
 
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുള്ള സ്ഥലങ്ങളില്‍നിന്ന് അകത്തേക്കും പുറത്തേക്കും പരീക്ഷകള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. യാത്രചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഹാള്‍ ടിക്കറ്റ്, മെഡിക്കല്‍ രേഖകള്‍ എന്നിവയില്‍ അനുയോജ്യമായവ കരുതണം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍