ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ന് മുകളില്‍ ഉള്ള പ്രദേശങ്ങളെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിലാണ് ഉള്‍പ്പെടുത്തുക. 25 തദ്ദേശ സ്ഥാപനങ്ങളില്‍ നിലവില്‍ ടി.പി.ആര്‍. 30 ന് മുകളിലാണ്. ഈ പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരും. അവശ്യ സാധനങ്ങളുടെ കടകള്‍ മാത്രമേ ഇവിടെ തുറക്കൂ. അനാവശ്യമായി പുറത്തിറങ്ങിയാല്‍ പൊലീസ് കര്‍ശന നടപടിയെടുക്കും. സ്വകാര്യ വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാനും നിയന്ത്രണമുണ്ടാകും.
ജൂണ്‍ 17 മുതല്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇനി സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. എന്നാല്‍, എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും അവശ്യവസ്തുക്കളുടെ കടകള്‍ ദിവസവും രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ തുറക്കാന്‍ അനുമതിയുണ്ട്. വ്യാവസായിക, കാര്‍ഷിക മേഖലകളിലെ പ്രവര്‍ത്തനങ്ങളും അനുവദിക്കും. ഈ മേഖലകളില്‍ തൊഴിലാളികള്‍ക്ക് ഗതാഗതവും അനുവദിക്കും.