തദ്ദേശ തെരഞ്ഞെടുപ്പ്; ഒരാഴ്ച കാത്തിരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍

വ്യാഴം, 13 ഓഗസ്റ്റ് 2015 (08:02 IST)
തദ്ദേശ തെരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ ഒരാഴ്ച കാത്തിരിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഒരാഴ്ച കാത്തിരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതനുസരിച്ചാണ് ഒരാഴ്ച കാത്തിരിക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്.
 
അതേസമയം, സര്‍ക്കാരുമായി സഹകരിച്ച് തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്താനാണ് കമ്മീഷന്റെ ശ്രമമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ ശശിധരന്‍ നായര്‍ പറഞ്ഞു. സര്‍ക്കാരുമായി ഏറ്റുമുട്ടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്ദേശ്യമില്ല. എന്നാല്‍, തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തേണ്ടത് ഭരണഘടന ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
 
പുതിയ തദ്ദേശസ്ഥാപനങ്ങള്‍ രൂപവത്കരിച്ചത്  ഹൈക്കോടതി കഴിഞ്ഞദിവസം റദ്ദാക്കിയിരുന്നു. എന്നാല്‍, ഹൈക്കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതി എന്തു നടപടി സ്വീകരിക്കുമെന്ന് അറിയാന്‍ വേണ്ടിയാണ് സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും കാത്തിരിക്കുന്നത്. കോടതിനടപടികള്‍ എന്തായാലും അതിനുശേഷം സര്‍ക്കാരുമായി കൂടിയാലോചിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.

വെബ്ദുനിയ വായിക്കുക