സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ധാരണയായി, തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ അവസാനം

തിങ്കള്‍, 31 ഓഗസ്റ്റ് 2015 (08:06 IST)
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പുതിയ ഭരണ സമിതികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നവംബര്‍ അവസാനം നടക്കും. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സര്‍ക്കാരും ധാരണയായെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പിനെച്ചൊല്ലി സര്‍ക്കാരും കമ്മിഷനും തമ്മിലുണ്ടായ നീണ്ട തര്‍ക്കമാണ് ഇതോടെ പരിഹരിക്കപ്പെട്ടത്.

അതേസമയം വിഷയം ഹൈക്കൊടതിയുടെ പരിഗണനയിലായതിനാല്‍ കോടതിയുടെ അന്തിമ തീരുമാനം വന്നതിനു ശേഷമെ നടപടികള്‍ ഉണ്ടാകു. തിരഞ്ഞെടുപ്പ് കമ്മിഷനുമായുണ്ടാക്കിയ ധാരണയനുസരിച്ച് തിങ്കളാഴ്ച സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കും. ധാരണയനുസരിച്ച് പുതിയ മുനിസിപ്പാലിറ്റികളിലും കണ്ണൂര്‍ കോര്‍പ്പറേഷനിലും മാത്രമായിരിക്കും പുനഃക്രമീകരിച്ച വാര്‍ഡുകള്‍ അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പ്. മറ്റെല്ലായിടത്തും 2010ലെ വാര്‍ഡുകള്‍ അതേപടി നിലനില്‍ക്കും.

കോടതി ഈ ധാരണ അംഗീകരിച്ചാല്‍ അതനുസരിച്ചും അല്ലെങ്കില്‍ കോടതി നിര്‍ദ്ദേശിക്കുന്ന പ്രകാരവും തിരഞ്ഞെടുപ്പ് നടക്കും. തിരഞ്ഞെടുപ്പ് കമ്മിഷനും സര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസം പരിഹരിച്ച സ്ഥിതിക്ക് കോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. പ്രതീക്ഷിച്ചതുപോലെ സംഭവിച്ചാല്‍ നവംബര്‍ 20 നുശേഷം ഏഴ് ജില്ലകളില്‍ വീതം രണ്ട് ദിവസമായി തിരഞ്ഞെടുപ്പ് നടത്തി ഡിസംബര്‍ ഒന്നിന് ഭരണസമിതികള്‍ ചുമതലയേല്‍ക്കും.

2010 ലും രണ്ട് ദിവസമായാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 23 നായിരുന്നു തിരഞ്ഞെടുപ്പ്. ഇത്തവണയും രണ്ട് ദിവസമായിരിക്കും തിരഞ്ഞെടുപ്പ്. ജില്ലകളും തീയതിയും തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിക്കും. എന്നാല്‍ അന്തിമതീരുമാനം ഹൈക്കോടതിയുടെ വിധിക്കനുസരിച്ചായിരിക്കും. സപ്തംബര്‍ മൂന്നിനാണ് കോടതി കേസ് പരിഗണിക്കുന്നത്.

വെബ്ദുനിയ വായിക്കുക