തദ്ദേശ തിര‍ഞ്ഞെടുപ്പിൽ മരണ പോരാട്ടം നടത്താന്‍ ബിജെപി, ആറുജില്ലകളില്‍ മുന്നണികളെ ഞെട്ടിക്കും

തിങ്കള്‍, 20 ജൂലൈ 2015 (14:31 IST)
തദ്ദേശ തിര‍ഞ്ഞെടപ്പിൽ കേരളത്തിലെ ആറുജില്ലകളില്‍ ശക്തമായ പോരാട്ടത്തിനും വാര്‍ഡുകളും സാധിക്കുമെങ്കില്‍ പഞ്ചായത്ത് ഭരണവും പിടിച്ചെടുക്കാനുള്ള വമ്പന്‍ കര്‍മ്മ രേഖയുമായി ബിജെപി സംസ്ഥാന നേതൃത്വം. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, കാസർകോഡ്, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകാത്ത പോരാട്ടത്തിനായി ബിജെപി തയ്യാറെടുത്തിരിക്കുന്നത്.

ഈ ജില്ലകളില്‍ മൽസരത്തിനു ഗൗരവം പകരാൻ ബിജെപിയുടെ സംസ്ഥാന, ജില്ലാ ഭാരവാഹികളെല്ലാം പഞ്ചായത്തു തിരഞ്ഞെടുപ്പിൽ മൽസരിക്കാനിറങ്ങണമെന്നാണ് നിർദേശം. തോൽവി ഭയന്ന് ഭാരവാഹികൾ മൽസരിക്കാതിരിക്കരുതെന്നണ് കർശന നിർദേശം. ആർഎസ്എസ് ആണ് ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. സംസ്ഥാനതലം മുതൽ വാർഡു തലം വരെ ആർഎസ്എസ് നേതാക്കൾ സ്ഥാനാര്‍ഥി തീരുമാനം, പ്രചാരണം തുടങ്ങിയ കാര്യങ്ങളില്‍ സജീവമായി ഇടപെടും.

ബിജെപിയുടെ അംഗത്വ ക്യാംപെയിനിൽ ഏറ്റവും കൂടുതൽ അംഗങ്ങൾ ചേർന്നതും കഴിഞ്ഞ ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് ലഭിച്ചതും ഈ ആറ് ജില്ലകളിലാണ്. അതിനാല്‍ ഈ അനുകൂല തരംഗം നിലനിര്‍ത്തിയാല്‍ മാത്രമേ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറികള്‍ നടത്താന്‍ സാധിക്കൂ എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഇതിനു പുറമെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 140 യോജകണ്ഡലങ്ങളിലെയും ഓരോ ബൂത്തിലും പാര്‍ട്ടിക്ക് കിട്ടിയ വോട്ടുകളുടെ കണക്കെടുത്ത് മുൻഗണന നിശ്ചയിച്ച് പ്രവർത്തനരൂപരേഖയും ബിജെപി തയാറാക്കിയിട്ടുണ്ട്.

അംഗത്വമെടുത്തവരെ നേരിട്ടുകാണുന്ന മഹാസമ്പർക്ക് ആഭിയാൻ കേരളത്തിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യപ്രചരണവുമാക്കുകയാണ് ലക്ഷ്യം. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽപേർ ബിജെപിയിൽ ചേർന്നത് ഏകദേശം അഞ്ചു ലക്ഷത്തിലധികം. അരുവിക്കര തിരഞ്ഞെടുപ്പിന് ശേഷം 35,000 പേർ അംഗത്വമെടുക്കാൻ തിരുവനന്തപുരം ജില്ലയിൽ ഒഴുകിയെത്തി. തൃശൂർ (4 ലക്ഷം), പാലക്കാട് (3.5 ലക്ഷം),കാസർകോഡ് (2.5 ലക്ഷം),കൊല്ലം (1.75 ലക്ഷം), പത്തനംതിട്ട( 80,000) എന്നിങ്ങനെയാണ് പ്രാഥമിക അംഗത്വ കണക്കുകൾ.

വെബ്ദുനിയ വായിക്കുക