തദ്ദേശ തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും പൊതു അവബോധത്തിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തി. ഇത് ആധികാരിക രേഖയായി കണക്കാക്കാതെ ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് യോഗ്യതകളും അയോഗ്യതകളും തീരുമാനിക്കുന്നത് അതാത് വരണാധികാരികളുടെ ചുമതലയാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.
തദ്ദേശ സ്ഥാപനത്തില്‍ മത്സരിക്കുന്ന ഒരാള്‍ക്ക് ആ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരിക്കുകയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന തിയതിയില്‍ 21 വയസ്സ് പൂര്‍ത്തിയായിരിക്കുകയും വേണം. ഒരു വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്യുന്നയാള്‍ അതേ വാര്‍ഡിലെ വോട്ടര്‍ പട്ടികയില്‍ തന്നെ പേരുള്ള ആളായിരിക്കണം. സംവരണ സീറ്റില്‍ മത്സരിക്കുന്നയാള്‍ ആ സംവരണ വിഭാഗത്തില്‍പ്പെട്ട ആളായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ്ഗ സംവരണ വാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ വില്ലേജ് ഓഫീസറില്‍ നിന്നുള്ള ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
സംസ്ഥാന സര്‍ക്കാരിന്റേയോ കേന്ദ്ര സര്‍ക്കാരിന്റേയോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയോ അവ നിയന്ത്രിക്കുന്ന കോര്‍പ്പറേഷനുകളിലേയോ എല്ലാ വിഭാഗം ഉദ്യോഗസ്ഥരും ജീവനക്കാരും തദ്ദേശ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിയാകുന്നതിന് അയോഗ്യരാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും 51 ശതമാനത്തില്‍ കുറയാതെ ഓഹരിയുള്ള കമ്പനികളിലും, സഹകരണ സംഘങ്ങളിലുമുള്ള ജീവനക്കാര്‍ക്കും അയോഗ്യതയുണ്ട്. സംസ്ഥാനത്തെ ഏതെങ്കിലും ബോര്‍ഡിലോ, സര്‍വ്വകലാശാലയിലോ ഉള്ള ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും സ്ഥാനാര്‍ത്ഥിയാകുന്നതിന് യോഗ്യതയില്ല. പാര്‍ട്ട്ടൈം ജീവനക്കാരും, ഓണറേറിയറും കൈപ്പറ്റുന്ന ജീവനക്കാരും ഇതില്‍ ഉള്‍പ്പെടും. അംഗനവാടി ജീവനക്കാര്‍ക്കും, ബാലവാടി ജീവനക്കാര്‍ക്കും, ആശാവര്‍ക്കര്‍മാര്‍ക്കും, പഞ്ചായത്ത്, മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരിക്കില്ല. സാക്ഷരതാ പ്രേരകര്‍ക്ക് പഞ്ചായത്തുകളില്‍ മാത്രമേ മത്സരിക്കാന്‍ യോഗ്യത ഉള്ളു.
സര്‍ക്കാരിന് 51 ശതമാനം ഓഹരിയില്ലാത്ത പ്രാഥമിക സര്‍വ്വീസ് സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് മത്സരിക്കുന്നതിന് അയോഗ്യതയില്ല. കെ.എസ്സ്.ആര്‍.റ്റി.സി യിലെ ജീവനക്കാര്‍ക്കും, എംപാനല്‍ കണ്ടക്ടര്‍മാര്‍ക്കും മത്സരിക്കുവാന്‍ അയോഗ്യത ഉണ്ട്. ഇലക്ട്രിസിറ്റി ബോര്‍ഡ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലൂടെ 179 ദിവസത്തേയ്ക്കു നിയമിക്കപ്പെടുന്ന താത്കാലിക ജീവനക്കാര്‍ എന്നിവര്‍ക്കും അയോഗ്യതയുണ്ട്.