ചുമതല നിറവേറ്റാത്തവര്‍ അതിന്റെ ഫലം അനുഭവിക്കും; ഇനിയൊരു ജിഷ ഇവിടെയുണ്ടാകരുത്- പൊലീസ് നയം വ്യക്തമാക്കി പിണറായി
ചൊവ്വ, 24 മെയ് 2016 (20:15 IST)
എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് നയം വ്യക്തമാക്കി നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിമിനലുകളെ സംരക്ഷിക്കുന്ന ഒരു നടപടിയുമുണ്ടാകില്ല. ചുമതല നിറവേറ്റാത്തവര്‍ അതിന്റെ ഫലം അനുഭവിക്കും. കേരളത്തില്‍ ക്രമസമാധാനില ഭദ്രമാക്കും. ഇനിയൊരു ജിഷ ഇവിടെയുണ്ടാകരുതെന്നും പിണറായി പറഞ്ഞു.
പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കുന്നവര്‍ക്ക് വ്യക്തമായ മറുപടി നല്‍കും. കയ്യൂക്കുകൊണ്ട് കാര്യം നേടാന്‍ ശ്രമിച്ചാല്‍ ഫലം അനുഭവിക്കും. അത്തരം കാര്യങ്ങള്‍ക്ക് തുനിയാതിരിക്കുന്നതാണ് നല്ലത്. പുതിയ സര്‍ക്കാര്‍ മുഴുവന്‍ ജനങ്ങളുടെയുംസര്‍ക്കാരാണ്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഭരണമായിരിക്കും കാഴ്ച വയ്ക്കുകയെന്നും പിണറായി പറഞ്ഞു.
പ്രതികാരമല്ല പുതിയ എൽഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം. നിയമത്തിന്റെ കരങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. നിയുക്ത മന്ത്രിമാര്‍ക്കൊപ്പം വലിയ ചുടുകാട്ടിലെ പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.