"നിയമങ്ങളെല്ലാം സ്ത്രീകളെ മാത്രം സംരക്ഷിക്കുന്ന തരത്തിൽ" - രാജ്യത്ത് പുരുഷന്മാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയെന്ന് പി സി ജോർജ്; നിയമസഭയിൽ ബഹളം

റോയ് തോമസ്

തിങ്കള്‍, 11 നവം‌ബര്‍ 2019 (18:15 IST)
രാജ്യത്ത് സ്ത്രീകൾ അഴിഞ്ഞാടുകയാണെന്നും പുരുഷന്മാർ അരക്ഷിതരാണെന്നും നിയമസഭയിൽ പി സി ജോർജ്ജ്  എം എൽ എ. അംഗണവാടികളിലെ ആശാ വര്‍ക്കർമാരുടെ വേതനവര്‍ധനവുമായി ബന്ധപ്പെട്ട് നിയമസഭയിൽ സംസാരിക്കുമ്പോഴായിരുന്നു പി സി ജോർജ്ജ് എം എൽ എയുടെ വിവാദ പരാമർശം. ജോർജിന്റെ പരാമർശത്തിൽ  ഇ എസ് ബിജിമോളുടെ നേതൃത്വത്തില്‍ വനിതാ എംഎല്‍എമാര്‍ നിയമസഭയിൽ പ്രതിഷേധിച്ചു. 
 
പിസി ജോര്‍ജിന്‍റെ പരാമര്‍ശങ്ങള്‍ സ്ത്രീകളെയാകെ അപമാനിക്കുന്ന തരത്തിലാണെന്നും നിയമസഭാ രേഖകളിൽ നിന്നും ഇവ നീക്കം ചെയ്യണമെന്നും ബിജിമോൾ എം എൽ എ ആവശ്യപ്പെട്ടു. യു.പ്രതിഭ അടക്കമുള്ള  വനിതാ എംഎല്‍എമാരും ബിജി മോള്‍ക്ക് പിന്നാലെ ജോര്‍ജിനെതിരെ പ്രതിഷേധവുമായി എഴുന്നേറ്റതോടെ നിയമസഭയിൽ ബഹളമായി.
 
രാജ്യത്ത് നിയമങ്ങൾ എല്ലാം തന്നെ സ്ത്രീകൾക്ക് മാത്രം സംരക്ഷണം നൽകുന്നതാണെന്ന് പറഞ്ഞ പി സി ജോർജ് പുരുഷന്മാരുടെ സംരക്ഷണത്തിനായി നിയമങ്ങൾ വേണമെന്നും ആവശ്യപ്പെട്ടു. ഒടുവിൽ ബഹളവും പ്രതിഷേധവും കണക്കിലെടുത്ത് സ്പീക്കര്‍ ഇടപെട്ടതോടെ സ്ത്രീകള്‍ അഴിഞ്ഞാടുകയാണ് എന്ന പരാമര്‍ശം ജോര്‍ജ് പിന്‍വലിക്കുവാൻ തയ്യാറായി. എന്നാൽ പുരുഷന്മാർ അരക്ഷിതരാണ് എന്ന വാദത്തിൽ പി സി ജോർജ് ഉറച്ചുനിന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍