ലക്ഷ്മി നായരുടെ ബിരുദം അച്ഛന്റെ സ്നേഹോപഹാരമോ?

ഞായര്‍, 5 ഫെബ്രുവരി 2017 (10:28 IST)
ലോ അക്കാദമിയുടെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്നും തൽക്കാലത്തേക്ക് മാറി നിൽക്കുന്ന ലക്ഷ്മി നായരുടെ നിയമബിരുദവും സംശയത്തിന്റെ നിഴലിൽ. ലക്ഷ്മി നായരുടെ എൽ എല്‍ ബി പ്രവേശനം ചട്ടവിരുദ്ധമാണെന്നാണ് പുതിയ കണ്ടെത്തല്‍.
 
ബിരുദം കഴിഞ്ഞവര്‍ക്ക് പഞ്ചവത്സര എല്‍എല്‍.ബി.യുടെ മൂന്നാം വര്‍ഷത്തില്‍ പ്രവേശനം നല്‍കുന്നതിന് കേരള സര്‍വകലാശാല ഇടക്കാലത്ത് തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ ലോ അക്കാദമി ഡയറക്ടറായ നാരായണന്‍ നായരാണ് ലാറ്ററല്‍ എന്‍ട്രി അനുവദിപ്പിക്കാന്‍ അന്ന് മുന്‍കൈയെടുത്തത്. മകള്‍ ലക്ഷ്മി നായരടക്കം ഏതാനും പേര്‍ അതുവഴി ലോ അക്കാദമിയില്‍ ചേര്‍ന്നു. 
 
അവസാനവര്‍ഷ എല്‍എല്‍.ബി.ക്ക് പഠിക്കുമ്പോള്‍ത്തന്നെ ലക്ഷ്മി നായര്‍ ലോ അക്കാദമിയില്‍ ചരിത്രവിഭാഗത്തില്‍ ഗസ്റ്റ് അധ്യാപികയായി. ഇതിനിടെ ആന്ധ്രയിലെ വെങ്കിടേശ്വര സര്‍വകലാശാലയില്‍നിന്ന് ഹിസ്റ്ററി എം.എ. പാസായി. രണ്ടു കോഴ്‌സിന് ഒരേസമയം പഠിക്കാന്‍ വ്യവസ്ഥയില്ല. ഇനി അഥവാ അങ്ങനെ പഠിച്ചാൽ കേരള സർവകലാശാല നിയമപ്രകാരം ഇവിടുത്തെ ബിരുദം റദ്ദാക്കും.
 
ഈ വ്യവസ്ഥ നിലനിൽക്കവേ ലക്ഷ്മി നായരുടെ എല്‍എല്‍ബി ഇപ്പോൾ സംശയത്തിന്റെ മുൾമുനയിലാണ്. എല്‍എല്‍.ബി. സര്‍ട്ടിഫിക്കറ്റ് ലക്ഷ്മി നായര്‍ വാങ്ങിയതായി സര്‍വകലാശാലാ രേഖകളിലുമില്ല. 
 

വെബ്ദുനിയ വായിക്കുക