രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ സി പി ഐ എമ്മില്‍ പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്ന് ലക്ഷ്മിനായര്‍. നിലവില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താത്പര്യം ഇല്ല എന്നും ലക്ഷ്മി നായർ വ്യക്തമാക്കി. മാനേജ്‌മെന്റ് ആവശ്യപ്പെട്ടാല്‍ അല്ല, തന്നെ കൊന്നാല്‍ പോലും രാജിവെയ്ക്കില്ലെന്നും ലക്ഷ്മിനായര്‍ പറഞ്ഞു. മംഗളം ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലക്ഷ്മി നായർ ഇക്കാര്യം വ്യക്തമാക്കുന്നത്.
ലോ അക്കാദമി വിഷയത്തില്‍ സമരക്കാർ മുന്നോട്ട് വെച്ച ആവശ്യത്തെ തുടര്‍ന്നാണു പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു താൻ അഞ്ചുവർഷത്തേക്ക് മാറി നില്‍ക്കുന്നത്. പിന്നെന്തിനാണ് ഇനി രാജിവെക്കുന്നത്. ലോ അക്കാദമിയെ ലൗ അക്കാദമിയാക്കി മാറ്റാന്‍ ശ്രമിക്കുന്നവരാണ് സമരത്തിനു പിന്നിൽ. സമരം ചെയ്യുന്നവരില്‍ ഭൂരിഭാഗം കുട്ടികളും കോളജില്‍ പഠിക്കാന്‍ വരാത്തവരാണ്. പലരും ഹാജരില്ലാത്തതുകൊണ്ടും പരീക്ഷകള്‍ എഴുതാത്തതുകൊണ്ടും ക്യാമ്പസില്‍നിന്നു പുറത്തായവരാണ്. ലക്ഷ്മി നായർ പറയുന്നു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംസാരിക്കുന്നതിന് എതിരല്ല. എന്നാല്‍ ക്യാമ്പസ് സമയം കഴിഞ്ഞും ക്ലാസ് മുറികളില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒന്നിച്ചിരുന്നു സംസാരിക്കുന്നത് മാനേജ്മെന്റ് സമ്മതിക്കില്ല. ഇത് ചോദ്യം ചെയ്യാന്‍ പാടില്ല എന്നതാണ് തനിക്കെതിരേ ആരോപണമുന്നയിക്കുന്നവരുടെ ആവശ്യം. അര്‍ഹതയില്ലാത്തവര്‍ക്കും ഹാജരും ഇന്റേണല്‍ മാര്‍ക്കും നല്‍കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ഇതെല്ലാം ചോദ്യം ചെയ്താല്‍പ്പിന്നെ പ്രിന്‍സിപ്പല്‍ രാജിവെക്കണമെന്നായി. - ലക്ഷ്മി നായർ പറഞ്ഞു.