കെഎസ്ആര്‍ടിസി പമ്പിനെതിരെ കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ ആള്‍ക്ക് 10,000 രൂപ പിഴ

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 17 സെപ്‌റ്റംബര്‍ 2021 (18:20 IST)
തിരുവനന്തപുരം; കെഎസ്ആര്‍ടിസി പുതിയതായി കിഴക്കേകോട്ടയില്‍ ആരംഭിച്ച പെട്രോള്‍- ഡീസല്‍- ഇലക്ട്രിക് പമ്പിനെതിരെ ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി നല്‍കിയ ആള്‍ക്ക് 10,000 രൂപ പിഴ. ഹൈക്കോടതി  ചീഫ് ജസ്റ്റിസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുടെ ഡിവിഷന്‍ ബഞ്ചാണ് തിരുവനന്തപരുരം പേട്ട പാല്‍ക്കുളങ്ങര സ്വദേശി സെല്‍വിന്‍ ഡി ക്ക്  പിഴയിട്ടത്. പിഴയായ 10000 രൂപ  ക്യാന്‍സര്‍ രോഗത്തിന് ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍കളുടെ ക്ഷേമത്തിനായി  ചിലവഴിക്കാനും കോടതി നിര്‍ദ്ദേശിച്ചു.    
 
ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്നും എന്‍ഒസി വാങ്ങാതെയാണ് പമ്പ് ആരംഭിച്ചുവെന്ന് കാട്ടിയാണ് ഇയാല്‍ കോടതിയെ സമീപിച്ചത്. 1971 ല്‍ തന്നെ കെഎസ്ആര്‍ടിസിക്ക് എന്‍ഒസി ലഭിച്ച പമ്പ് പൊതുജനങ്ങള്‍ക്ക് കൂടെ തുറന്ന് കൊടുക്കുന്നതിന്  മുന്‍പ്  പെട്രോളിയം ആന്‍ഡ് എക്‌സപ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ ഉള്‍പ്പെടെയുള്ള ആവശ്യമായ അനുമതി ലഭ്യമാക്കിയിട്ടാണ് പമ്പുകള്‍ അരംഭിച്ചതെന്നും  കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചു. രേഖകളൊന്നും പരിശോധിക്കാതെ കോടതിയെ സമീപിച്ചതിനെതിരെയാണ് കേസ് തള്ളി കോടതി പരാതിക്കാരന് പിഴയിട്ടത്. കെഎസ്ആര്‍ടിസിക്ക് വേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ അഡ്വക്കേറ്റ് ദീപു തങ്കന്‍  ഹാജരായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍