കെഎസ്ആർടിസി തലപ്പത്തുനിന്ന് തച്ചങ്കരിയെ നീക്കി
കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് ടോമിന്‍ തച്ചങ്കരിയെ നീക്കി. ഇന്നു നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എംപി ദിനേശിനാണ് പകരം ചുമതല.
റവന്യു വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി യായി ഡോ. വി. വേണുവിനെ നിയമിച്ചു. റവന്യു സെക്രട്ടറി പിഎച്ച് കുര്യന്‍ നാളെ വിരമിക്കുന്ന ഒഴിവിലാണ് തീരുമാനം.
ഏറെ രാഷ്ട്രീയവിവാദങ്ങൾക്കും തർക്കങ്ങൾക്കുമൊടുവിലാണ് തച്ചങ്കരിയെ സ്ഥാനത്തു നിന്ന് മാറ്റിയത്. ഗതാഗതമന്ത്രിയും ദേവസ്വം മന്ത്രിയും അടക്കമുള്ളവരും തച്ചങ്കരിക്കെതിരെ രംഗത്തു വന്നിരുന്നു. സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പും അദ്ദേഹത്തിന് നേരിടേണ്ടി വന്നു.
ഹൈക്കോടതി ഉത്തരവ് മൂലം എം പാനൽ ജീവനക്കാരെ മുഴുവൻ പിരിച്ചുവിടേണ്ടി വന്നതും അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കിയതിന്‍റെ പേരിൽ ഹൈക്കോടതിയിൽ നിന്നും തൊഴിലാളി യൂണിയനുകളുടെ ഭാഗത്തു നിന്നും വിമര്‍ശനം കേള്‍ക്കേണ്ടി വന്നതും തച്ചങ്കരിക്ക് തിരിച്ചടിയായി തീര്‍ന്നിരുന്നു.