സര്‍ക്കാരിന്റെ പോക്ക് നേരായ വഴിക്കല്ലെന്ന് സുധീരന്‍

ശനി, 9 മെയ് 2015 (16:53 IST)
സര്‍ക്കാരിന്റെ പോക്ക് നേരായ വഴിക്കല്ലെന്ന് സുധീരന്‍. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത്  നടന്ന നിര്‍വ്വാഹക സമിതി യോഗത്തിലാണ് സുധീരന്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്നത്. അടിയന്തരമായി ഭരണം മെച്ചപ്പെടുത്തിയില്ലെങ്കിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിരിച്ചുവരവ് ബുദ്ധിമുട്ടായിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വിഎം.സുധീരൻ പറഞ്ഞു. 
 
തെറ്റുകൾ തിരുത്തി കൂടുതൽ ജനോപകാരമായ നടപടികൾ സർക്കാർ സ്വീകരിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാവും. സർക്കാരിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ അടിയന്തരമായി നടപടികൾ സ്വീകരിക്കണം. മന്ത്രിസഭാ യോഗത്തിനു ശേഷം മന്ത്രിമാർ മറ്റു പരിപാടികൾക്കായി വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നുണ്ട്. ഇതോടൊപ്പം തന്നെ കോൺഗ്രസിന്റെ മന്ത്രിമാർ ആഴ്ചയിൽ നാലു ദിവസവും തലസ്ഥാനത്ത് ഉണ്ടാവുകയും ഭരണം കൂടുതൽ കാര്യക്ഷമമാക്കുകയും വേണം. മന്ത്രിമാരുടെ ഓഫീസുകളിൽ പാർട്ടി പ്രവർത്തകർക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്ന പരാതിയുണ്ട്. അത് പരിഹരിക്കണം. അതിനാൽ തന്നെ മന്ത്രിമാരുടെ ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ ചിട്ടപ്പെടുത്താൻ നിർദ്ദേശിച്ചതായും സുധീരൻ പിന്നീട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്ഥലംമാറ്റങ്ങൾക്ക്  പൊതുമാനദണ്ഡം രൂപീകരിക്കാനും കെ.പി.സി.സി സർക്കാരിനോട് നിർദ്ദേശിച്ചു. ക്ഷേമപെൻഷനുകൾ എത്രയും വേഗം കൊടുത്ത് തീർക്കണം. 
 
ഭരണം മാറിയാലും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ അതേസ്ഥാനത്ത് തുടരുന്നു, ഈ സ്ഥിതി മാറണം. സര്‍ക്കാരുദ്യോഗസ്ഥരുടെ സ്ഥലം മാറ്റം സംബന്ധിച്ച് പൊതു മാംനദണ്ഡം രൂപീകരിക്കണം. മന്ത്രിമാരുടെ ഓഫീസുകളിലെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. ലൈറ്റ് മെട്രോ ഇ ശ്രീധരന്റെ മേല്‍നോട്ടത്തില്‍ തന്നെ വേണമെന്നാണ് കെപിസിസിയുടെ നിര്‍ദ്ദേശമെന്നും അദ്ദേഹം പറഞ്ഞു. 
 
സുധീരന്റെ വിമർശനത്തെ ശരിവച്ച രമേശ് ചെന്നിത്തല, സർക്കാരിന് ചില തെറ്റുകൾ സംഭവിച്ചതായി ചൂണ്ടിക്കാട്ടി. വീഴ്ചകൾ പരിശോധിച്ച് തിരുത്താനുള്ള നടപടികളുണ്ടാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യു.ഡി.എഫിന്റെ മേഖലാജാഥകൾ ഘടകക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങി മാറ്റി വയ്ക്കേണ്ടെന്നും സുധീരൻ പറഞ്ഞു. ബാർ കോഴ കേസിൽ അന്വേഷണം അവസാനിച്ച ശേഷം മതി മേഖലാ ജാഥകൾ നടത്തുന്നത് എന്ന കെ.എം.മാണിയുടെ അഭിപ്രായം യോഗം തള്ളി. മാണിയുടെ ഈ ആവശ്യത്തിന് വഴങ്ങിയാൽ പാർട്ടി ഇല്ലാതാവുമെന്ന് വി.ഡി.സതീശൻ എം.എൽ.എ പറഞ്ഞു.
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക