കൊവിഡ് രൂക്ഷം: കേരളത്തില്‍ രക്തക്ഷാമം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് രക്തദാനത്തിന് പ്രവര്‍ത്തകര്‍ സന്നദ്ധരാകാന്‍ കെപിസിസി നിര്‍ദ്ദേശം

ശ്രീനു എസ്

ബുധന്‍, 28 ഏപ്രില്‍ 2021 (19:56 IST)
കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തില്‍ രക്തക്ഷാമം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് രക്തദാനത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോഷകസംഘടനയിലെ അംഗങ്ങളും തയ്യാറാകണമെന്ന് കെപിസിസി ആഭ്യര്‍ത്ഥിച്ചു. ഇന്ദിരാഭവനില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഡിസിസി പ്രസിഡന്റുമാരുടെ യോഗത്തിലാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഈ ആവശ്യം മുന്നോട്ടുവെച്ചത്.
 
പതിനെട്ട് വയസ്സ് വരെയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ പ്രക്രിയ ആരംഭിക്കുമ്പോള്‍ രക്തദാനം പ്രതിസന്ധിയിലാകും.വാക്‌സിനേഷന്‍ എടുത്ത് കഴിഞ്ഞാല്‍ നാലാഴ്ചത്തേക്ക് രക്തദാനം സാധ്യമല്ല.ഇത് സംസ്ഥാനമാകെ വലിയ തോതിലുള്ള രക്തക്ഷാമത്തിന് കാരണമാകും. ആരോഗ്യമേഖല നേരിടുന്ന മറ്റൊരു കടുത്ത വെല്ലുവിളിയായിത് മാറുമെന്നും  യോഗം വിലയിരുത്തി.അടിയന്തര ശസ്ത്രക്രിയകള്‍,പ്രസവം,ഇതര ഗുരുതര രോഗമുള്ളവര്‍ക്ക് ഉള്‍പ്പെടെ രക്തത്തിന്റെ ദൗര്‍ലഭ്യമോ അപര്യാപ്തതയോ കൊണ്ട് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ വാക്സിനേഷന് മുന്‍പ് രക്തദാനം ചെയ്യുന്നതിന് യുവാക്കളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സന്നദ്ധരാക്കണം. അതിനായി ഡിസിസി,ബ്ലോക്ക്,മണ്ഡലം,ബൂത്ത് തലത്തില്‍ വിപുലമായ കര്‍മ്മപദ്ധതി തയ്യാറാക്കി സജീവ ഇടപെടല്‍ നടത്താനും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡിസിസി പ്രസിഡന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍