നൂലില്‍ കെട്ടിയിറക്കിയ താരസ്ഥാനാര്‍ത്ഥി വേണ്ട; വടക്കാഞ്ചേരിയില്‍ കെ പി എ സി ലളിതയ്ക്കെതിരെ പ്രതിഷേധം

ഞായര്‍, 20 മാര്‍ച്ച് 2016 (11:26 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ കെ പി എ സി ലളിതയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് എതിരെ വടക്കാഞ്ചേരിയില്‍ പ്രതിഷേധം. ഡി വൈ എഫ് ഐ, സി പി എം അംഗങ്ങളായ അമ്പതോളം പേര്‍ ആണ് ലളിത വടക്കാഞ്ചേരിയില്‍ സ്ഥാനാര്‍ത്ഥിയായി എത്തുന്നതിനെതിരെ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധപ്രകടനം പതിനഞ്ചുമിനിറ്റോളം നീണ്ടുനിന്നു.
 
സംസ്ഥാന സെക്രട്ടേറിയറ്റ് ആണ് കെ പി എ സി ലളിതയെ വടക്കാഞ്ചേരിയില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍, ജില്ലനേതൃത്വത്തിനും വടക്കാഞ്ചേരി പ്രാദേശിക നേതൃത്വത്തിനും ഇതില്‍ എതിര്‍പ്പ് ഉണ്ടായിരുന്നു. ലളിതയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ തന്നെ പ്രതിഷേധ പോസ്റ്ററുകള്‍ വടക്കാഞ്ചേരിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍, ഇതില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സി പി എം നേതൃത്വം പറഞ്ഞിരുന്നു.
 
എന്നാല്‍, ഇന്ന് സ്ഥാനാര്‍ത്ഥിയായ കെ പി എ സി ലളിത വടക്കാഞ്ചേരിയില്‍ എത്താനിരിക്കേയാണ് പാര്‍ട്ടി അംഗങ്ങള്‍ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയത്. ‘യോഗ്യരായ സ്ഥാനാര്‍ത്ഥികള്‍ ഞങ്ങള്‍ക്കിടയിലുണ്ട്, അവരെ സ്ഥാനാര്‍ത്ഥിയാക്കൂ’, ‘നൂലില്‍ കെട്ടിയിറക്കിയ താര സ്ഥാനാര്‍ത്ഥിയെ ആവശ്യമില്ല’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളുമായായിരുന്നു പ്രതിഷേധപ്രകടനം.
 
കെ പി എ സി ലളിതയാണ് വടക്കാഞ്ചേരിയില്‍ മത്സരിക്കുന്നതെങ്കില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങില്ലെന്ന നിലപാടിലാണ് പ്രവര്‍ത്തകര്‍.

വെബ്ദുനിയ വായിക്കുക