ദേശീയ കുറ്റാന്വേഷണ ഏജൻസിയെ മോദി സർക്കാർ ആർ എസ് എസിന്റെ എജൻസിയാക്കി: പിണറായി വിജയന്‍

ശനി, 14 മെയ് 2016 (11:36 IST)
മോദിക്കെതിരെ ആഞ്ഞടിച്ച് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മലേഗാവ് സ്ഫോടനക്കേസിലെ കുറ്റാരോപിതരുടെ പട്ടികയില്‍നിന്ന് പ്രജ്ഞാസിംഗ് ഠാക്കൂര്‍ അടക്കം എട്ടു പേരെ ഒഴിവാക്കിയത് ആസൂത്രിത പദ്ധതിയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ വന്നതുമുതല്‍ മലേഗാവ് സ്‌ഫോടനത്തിലെ പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ദേശീയ കുറ്റാന്വേഷണ ഏജന്‍സിയായ എന്‍ഐഎയെ മോദി സര്‍ക്കാര്‍ ആര്‍എസ്എസിന്റെ ഏജന്‍സിയാക്കിയെന്നും പിണറായി തെന്റെ ഫേസ്‌ബുക്ക് പോസ്റ്റില്‍ പറയുന്നു. 
 
പിണറായിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
 
ദേശീയ കുറ്റാന്വേഷണ ഏജൻസിയായ എൻഐഎ യെ മോഡി സർക്കാർ ആർ എസ് എസിന്റെ എജൻസിയാക്കി. 2008ലെ മലേഗാവ് സ്‌ഫോടനത്തിലെ മുഖ്യപ്രതിയായ സാധ്വി പ്രജ്ഞാസിംഗ്‌ ഠാക്കൂർ അടക്കമുള്ളവരെ കുറ്റമുക്തരാക്കിയ എൻഐഎ നടപടി ആർ എസ് എസ് അജണ്ടയാണ്. 
ഭീകര വിരുദ്ധ കേസുകൾ അന്വേഷിക്കേണ്ട എജന്സി ഭീകരരെ രക്ഷിക്കുന്ന സംവിധാനമായി മാറിയിരിക്കുന്നു. കുറ്റാരോപിതരുടെ പട്ടികയില്‍ നിന്ന് പ്രജ്ഞാസിംഗ്‌ ഠാക്കൂർ അടക്കം എട്ടു പേരെ ഒഴിവാക്കിയത് ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്.
 
ആദ്യം ഇസ്ലാമിക തീവ്രവാദികളാണ് ബോംബുവെച്ചതെന്നു പ്രചരിപ്പിച്ച് ഒരു സമൂഹത്തെയാകെ വേട്ടയാടാനാണ് ആർ എസ് എസ് തയാറായത്. ഹേമന്ത് കാർക്കറെയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ്. ഹിന്ദുത്വ തീവ്രവാദികളാണ് കുറ്റം ചെയ്തത് എന്ന് സംശയാതീതമായി തെളിഞ്ഞത്. കാർക്കറെ സമര്‍പ്പിച്ച അന്വേഷണ റിപ്പോർട്ട് തള്ളിക്കളയുന്ന തരത്തിലുള്ളതാണ് മുംബൈ കോടതിയില്‍ എന്‍ഐഎ നൽകിയ പുതിയ ചാര്‍ജ്ജ് ഷീറ്റ്. രാജ്യത്തിന്‌ വേണ്ടി ഭീകരരോട് പോരാടി മൃത്യുവരിച്ച കാർക്കറെ എന്ന ധീരനായ ഉദ്യോഗസ്ഥനെ അപമാനിക്കുക കൂടിയാണ് ഇതിലൂടെ.
 
മോഡി സർക്കാർ വന്നതു മുതൽ മലേഗാവ് സ്‌ഫോടനത്തിലെ പ്രതികളെ മോചിപ്പിക്കാൻ ശ്രമിക്കുകയാണ്. കേസിൽ മൃദുസമീപനം അനുവർത്തിക്കണം എന്ന ആവശ്യത്തിനു വഴങ്ങാതിരുന്ന സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രോഹിണി സല്യാണിനെ ആദ്യം മാറ്റി. ഇപ്പോൾ പ്രത്യേക പബ്ളിക് പ്രോസിക്യൂട്ടര്‍ അവിനാഷ് റസൽ അറിയാതെയാണ് പുതിയ കുറ്റപത്രം സമർപ്പിച്ചത്.
 
ആർ എസ് എസ് തലവൻ തന്നെ നേരിട്ട് ഇടപെടുന്ന കേസ് ആണിത്. മുംബൈ ഭീകരാക്രമണത്തിൽ ഹേമന്ത് കര്‍ക്കറെ മരണമടഞ്ഞ ശേഷം, മലേഗാവ് സ്ഫോടനം സംബന്ധിച്ച് അദ്ദേഹത്തെ പരാമർശിച്ച് പ്രസ്താവന നടത്തിയതിന് മോഹൻ ഭാഗവത് സുപ്രീം കോടതിയുടെ വിമർശം നേരിടേണ്ടി വന്നിട്ടുണ്ട്. മെക്ക, സംത്സൗത, മലേഗാവ്, അജ്‌മീര്‍ തുടങ്ങിയ സ്‌ഫോടന സംഭവങ്ങളിൽ അന്വേഷണ ഏജൻസി ആര്‍ എസ് എസ്, ബി ജെ പി തീവ്രവാദികളുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ സമര്പ്പിച്ചിട്ടും കൊടും കുറ്റവാളികളെ രക്ഷിക്കാനുള്ള ഈ നീക്കം രാജ്യത്തിന്റെ ഭരണ ഘടനയോടും നിയമവാഴ്ച്ചയോടുമുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ മതനിരപേക്ഷ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം ഉയരണം.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക