രേഖാമൂലമുളള അറിയിപ്പ് ലഭിച്ചു; മാമലക്കണ്ടം സ്കൂളിലെ വിദ്യാര്‍ഥികള്‍ നിരാഹാരസമരം അവസാനിപ്പിച്ചു
ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (13:13 IST)
കോതമംഗലം മാമലക്കണ്ടത്തെ സര്‍ക്കാര്‍ സ്കൂളില്‍ വിദ്യാര്‍ഥികള്‍ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. സ്കൂളില്‍ അധ്യാപകരെ നിയമിക്കുന്ന കാര്യത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചുവെന്നും ഇത് സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് രേഖാമൂലമുളള അറിയിപ്പ് ലഭിച്ചുവെന്നും കോതമംഗലം ഡിഇഒ സമരക്കാരെ അറിയിച്ചതിനെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
നേരത്തെ സ്കൂളില്‍ അധ്യാപകരെ നിയമിക്കുമെന്ന് മന്ത്രി കെസി ജോസഫ് വ്യക്തമാക്കിയെങ്കിലും രേഖാമൂലം അറിയിപ്പ് കിട്ടാതെ നിരാഹാര സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് സമരം നടത്തുന്ന കുട്ടികള്‍ വ്യക്തമാക്കിയിരുന്നു. വാക്കാലുള്ള ഉറപ്പില്‍ വിശ്വസിക്കുന്നില്ല. സര്‍ക്കാര്‍ ഭാഗത്തുനിന്ന് രേഖാമൂലം അറിയിപ്പ് ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്മാറുന്ന സാഹചര്യമിലെന്നുമാണ് കുട്ടികള്‍ പറഞ്ഞത്.
സ്കൂളില്‍ അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ ലീഡര്‍ യദുകൃഷ്ണന്‍, എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനി സന്ധ്യ എന്നിവരാണ് കോതമംഗലം ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നില്‍ സമരം ചെയ്‌തത്. സമരം ഇപ്പോള്‍ 24 മണിക്കുര്‍ പിന്നിട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപ്പെട്ടത്. സന്ധ്യയുടെ നിലയില്‍ അശങ്കയുണ്ടെന്ന് ഇവരെ പരിശേധിച്ച ഡോക്‍ടര്‍ വ്യക്തമാക്കിയിരുന്നു. രേഖാമൂലമുളള അറിയിപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കേണ്ട എന്ന നിലപാടിലായിരുന്നു രക്ഷിതാക്കളും.
മാമലക്കണ്ടം സര്‍ക്കാര്‍ സ്കൂളിനെ രണ്ട് വര്‍ഷം മുമ്പാണ് യുപി നിലവാരത്തില്‍ നിന്ന് ഹൈസ്കൂളായി ഉയര്‍ത്തിയത്. പക്ഷേ ഇതുവരെ അധ്യാപകനെ നിയമിക്കാത്തതിനാല്‍ സ്കൂള്‍ പ്രവര്‍ത്തനം തടസപ്പെട്ടു. എത്തിയ അധ്യാപകര്‍ പതിവായി വരാതിരിക്കുന്നതാണ് പ്രധാന പ്രശ്‌നം. അധ്യാപകരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ ഉറപ്പും പാലിക്കപ്പെട്ടില്ലെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കുന്നു.