വീണ്ടും കോടിയേരി ചോദിക്കുന്നു, ‘കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ തുടരണോ?‘
വ്യാഴം, 7 ഓഗസ്റ്റ് 2014 (16:17 IST)
കേരള കോണ്‍ഗ്രസിനെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരാനുള്ള നീക്കത്തിന് ശക്തിപകര്‍ന്ന് വീണ്ടും കോടിയേരിയുടെ നീക്കം. ദേശാഭിമാനിയില്‍ എഴുതിയ 'മാണിഗ്രൂപ്പിന്റെ ആവശ്യവും യുഡിഎഫ് ശൈഥില്യവും' എന്ന ലേഖനത്തിലാണ് ‘കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ തുടരണോ?‘ എന്ന ചോദ്യം മുന്നോട്ട് വയ്ക്കുന്നത്. റബര്‍വില തകര്‍ച്ചയും പട്ടയപ്രശ്‌നവും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസുമായുള്ള ബന്ധം കേരളകോണ്‍ഗ്രസ് തുടരണോ എന്ന് ആലോചിക്കണമെന്ന ചോദ്യവും ലേഖനം ചൂണ്ടിക്കാട്ടുന്നു.
കോടിയേരിയുടെ 'മാണിഗ്രൂപ്പിന്റെ ആവശ്യവും യുഡിഎഫ് ശൈഥില്യവും' എന്ന ലേഖനത്തിന്റെ പൂര്‍ണരൂപം:
കെ എം മാണിയെ മുഖ്യമന്ത്രിയാക്കി മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ ആവശ്യമുന്നയിച്ചിരിക്കയാണ്. പുനഃസംഘടനയ്ക്ക് മുഖ്യമന്ത്രി മുന്‍കൈയെടുക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്ന ഘട്ടത്തിലാണ് ഇത്തരമൊരാവശ്യം ഉയര്‍ന്നത്. കോണ്‍ഗ്രസിന് തനിച്ച് ഭൂരിപക്ഷമില്ലെന്നും മുന്നണി സംവിധാനത്തില്‍ ഘടകകക്ഷികളുടെകൂടി അഭിപ്രായം കണക്കിലെടുത്താണ് മന്ത്രിസഭ പുനഃസംഘടിപ്പിക്കേണ്ടതെന്നും അത്തരമൊരു പുനഃസംഘടന വരുമ്പോള്‍ അവശേഷിക്കുന്ന ഒന്നരവര്‍ഷം മുഖ്യമന്ത്രിസ്ഥാനം തങ്ങള്‍ക്ക് വേണമെന്നുമാണ് അവരുടെ ആവശ്യം. മുന്നണിയില്‍ ഒന്നാമത്തെ കക്ഷി കോണ്‍ഗ്രസ് ആണെങ്കിലും മറ്റ് ഘടകകക്ഷികള്‍ക്ക് മുഖ്യമന്ത്രിസ്ഥാനം നല്‍കിയ പാരമ്പര്യം യുഡിഎഫിനുണ്ട്. സി അച്യുതമേനോന്‍, പി കെ വാസുദേവന്‍നായര്‍, സി എച്ച് മുഹമ്മദ് കോയ എന്നിവരെ മുഖ്യമന്ത്രിയാക്കിയ മുന്നണിയാണ് യുഡിഎഫ്. ആ വിധത്തില്‍ യുഡിഎഫ് പരിഗണിക്കേണ്ട കെ എം മാണിയെ പരിഗണിച്ചില്ല എന്നതാണ് കേരള കോണ്‍ഗ്രസിന്റെ ആക്ഷേപം.
കേരള കോണ്‍ഗ്രസിന് ഒമ്പത് എംഎല്‍എമാരാണ് ഉള്ളത്. ഈ ഒമ്പത് എംഎല്‍എമാരുടെ പിന്തുണകൊണ്ടാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്നത്. 2011ലെ നിയമസഭ തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 68ഉം യുഡിഎഫിന് 72ഉം സീറ്റാണ് ഉണ്ടായിരുന്നത്. ആര്‍എസ്പി അന്ന് എല്‍ഡിഎഫിന്റെ ഭാഗമായിരുന്നു. രണ്ട് എംഎല്‍എമാരുള്ള ആര്‍എസ്പി, യുഡിഎഫിന്റെ ഭാഗമായപ്പോള്‍ എല്‍ഡിഎഫിന്റെ അംഗസംഖ്യയില്‍ കുറവുവന്നു. നേരത്തെ എല്‍ഡിഎഫിലുണ്ടായിരുന്ന ഒരംഗം നിയമസഭാംഗത്വം രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇപ്പോഴത്തെ കക്ഷിനില എല്‍ഡിഎഫിന് 65, യുഡിഎഫിന് 75 എന്ന നിലയിലാണ്. ഈ സാഹചര്യത്തിലാണ് പുനഃസംഘടന ചര്‍ച്ചചെയ്യുമ്പോള്‍ ഞങ്ങളുടെ നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് രംഗത്തിറങ്ങിയത്.
ഇത്തരത്തില്‍ വിവിധ കക്ഷികള്‍ വിലപേശുകയും തമ്മിലടിക്കുകയും അധികാരത്തിനു വേണ്ടി യോജിപ്പിലെത്തുകയും ചെയ്യുന്ന അവസരവാദ മുന്നണിയാണ് യുഡിഎഫ്. ആ മുന്നണിയുടെയും സര്‍ക്കാരിന്റെയും നിലനില്‍പ്പ് അവസരവാദ രാഷ്ട്രീയത്തിലാണ്. ജാതിമത ശക്തികളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടി വരുന്നു; നിരന്തര വിവാദങ്ങളെത്തുടര്‍ന്ന് ഭരണം സ്തംഭിക്കുന്നു. പ്ലസ്ടു കോഴ വിവാദം, ബാര്‍ ലൈസന്‍സ് പുതുക്കല്‍ വിവാദം, പാരിസ്ഥിതിക നിയമം ലംഘിച്ച് വന്‍കിട കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയ പ്രശ്നം, ലോട്ടറി കേസില്‍ സുപ്രീംകോടതിയില്‍നിന്നുണ്ടായ വിധി, കെഎസ്ആര്‍ടിസി പ്രശ്നം, നെല്ലിയാമ്പതി എസ്റ്റേറ്റ് പ്രശ്നം, ആറന്മുള വിമാനത്താവള വിവാദം, ഐഎഎസുകാര്‍ തമ്മിലുള്ള വിവാദങ്ങള്‍, എംഎല്‍എ ക്വാര്‍ട്ടേഴ്സ് സംഭവം തുടങ്ങി നാനാവിധ പ്രശ്നങ്ങളില്‍പ്പെട്ട് സര്‍ക്കാരിന്റെ പ്രവര്‍ത്തനം താളംതെറ്റിയ സന്ദര്‍ഭത്തിലാണ് പുനഃസംഘടനാ വിവാദം ഉയര്‍ന്നുവന്നത്.
അമ്പത് വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള പാര്‍ടിയാണ് കേരള കോണ്‍ഗ്രസ്. അതിന്റെ ഒരു നേതാവിനും ഇതുവരെ മുഖ്യമന്ത്രിയാവാന്‍ കഴിഞ്ഞിട്ടില്ല. സമാനഘട്ടത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ രൂപംകൊണ്ട പ്രാദേശികപാര്‍ടികളുടെ നേതാക്കളില്‍ പലരും മുഖ്യമന്ത്രിമാരായി. കേരളത്തില്‍ അത് സാധിക്കാതെ പോയത് കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ബന്ധംകൊണ്ടാണെന്നാണ് കേരള കോണ്‍ഗ്രസില്‍ നടക്കുന്ന ചര്‍ച്ച. ഇപ്പോള്‍ പുറത്തുവന്ന അവകാശവാദത്തിനുള്ള അടിസ്ഥാനം അതാണ്. 1964ല്‍ രൂപംകൊണ്ട കേരള കോണ്‍ഗ്രസ് കേരള രാഷ്ട്രീയത്തില്‍ വ്യത്യസ്തതയാര്‍ന്ന പല നിലപാടുകളും സ്വീകരിച്ചിട്ടുണ്ട്. അധ്വാനവര്‍ഗ സിദ്ധാന്തം മുന്നോട്ടുവച്ച്, കര്‍ഷകരുടെ പാര്‍ടി എന്ന് പ്രഖ്യാപിച്ചാണ് മലയോര കര്‍ഷകരുടെ പിന്തുണ നേടാന്‍ ചില ക്രൈസ്തവ മേലധ്യക്ഷന്മാരുടെ അനുഗ്രഹാശിസ്സുകളോടെ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചുവന്നത്. 1965ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 23 സീറ്റ് കേരള കോണ്‍ഗ്രസിന് ലഭിച്ചു. 1977ല്‍ യുഡിഎഫിന്റെ കൂടെ മത്സരിച്ച് 20 സീറ്റ് നേടി. എന്നാല്‍, ഇന്ന് സംയുക്ത കേരള കോണ്‍ഗ്രസിന് നിയമസഭയില്‍ 9 സീറ്റു മാത്രമേയുള്ളൂ. പാര്‍ടിയുടെ പിളര്‍പ്പും കേരള കോണ്‍ഗ്രസിന്റെ തനത്-പതിവുരീതിയായിരുന്നു. 1980ല്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫിനൊപ്പവും പി ജെ ജോസഫ് യുഡിഎഫിനൊപ്പവുമായിരുന്നു. അന്ന് മാണിക്ക് എട്ടും ജോസഫിന് ആറുമെന്ന നിലയില്‍ 14 സീറ്റ് ലഭിച്ചു. 1982ലും രണ്ടുകൂട്ടര്‍ക്കും ചേര്‍ന്ന് 14 സീറ്റായിരുന്നു. '82 മുതല്‍ കേരള കോണ്‍ഗ്രസ് മാണി, കോണ്‍ഗ്രസ് നയങ്ങള്‍ അതേപടി ഏറ്റുപറയുന്ന പാര്‍ടിയായി മാറിയതോടെയാണ് കേരള കോണ്‍ഗ്രസിന്റെ ബഹുജന സ്വാധീനത്തിന് ഇടിവ് പറ്റിയത്. കോണ്‍ഗ്രസില്‍നിന്ന് വ്യതിരിക്തമായ നിലപാട് സ്വീകരിക്കാന്‍ മാണി കേരള കോണ്‍ഗ്രസിന് പിന്നീട് സാധിച്ചില്ല. കോണ്‍ഗ്രസ് സ്വീകരിച്ച ഉദാരവല്‍ക്കരണ- സ്വകാര്യവല്‍ക്കരണ-ആഗോളവല്‍ക്കരണ നയങ്ങളെ അവര്‍ അനുകൂലിച്ചു. കര്‍ഷക താല്‍പ്പര്യത്തിന് സഹായകമാണ് ഈ നയങ്ങളെന്ന് അവര്‍ നിലപാടെടുത്തതോടെ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസമില്ലാതായി.
നയപരമായി വന്ന ഈ പാളിച്ചമൂലമാണ് കേരള കോണ്‍ഗ്രസിലെ മിക്കവാറും ഗ്രൂപ്പുകള്‍ ഒന്നിച്ചുകൂടിയിട്ടും ന്യായമായ പരിഗണന കോണ്‍ഗ്രസില്‍നിന്ന് ലഭിക്കാത്തത്. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍കാലങ്ങളില്‍ മത്സരിക്കാന്‍ നല്‍കിയ സീറ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവു സംഭവിക്കാന്‍ തുടങ്ങി. ഇതിനെ ചോദ്യംചെയ്യാന്‍ സാധിക്കാത്ത അവസ്ഥ കെ എം മാണിക്കും കേരള കോണ്‍ഗ്രസിനും വന്നുചേര്‍ന്നു. 1989ല്‍ കേരള കോണ്‍ഗ്രസ് ജോസഫ് യുഡിഎഫ് വിട്ടു. 1991ല്‍ ജോസഫ് എല്‍ഡിഎഫിന്റെ ഭാഗമായി. 2010 വരെ ജോസഫ് എല്‍ഡിഎഫിന്റെ കൂടെയായിരുന്നു. രണ്ടുകൂട്ടരും യോജിച്ച് വിശാല കേരള കോണ്‍ഗ്രസായാല്‍ കൂടുതല്‍ നേട്ടമുണ്ടാകുമെന്ന് കരുതിയാണ് ലയിച്ച് കോണ്‍ഗ്രസിന്റെ കൂടെ കൂടിയത്. പക്ഷേ, മാണി-ജോസഫ്-പി സി ജോര്‍ജ് ഒന്നിച്ചുചേര്‍ന്നിട്ടും ഒമ്പത് സീറ്റ് മാത്രമേ യുഡിഎഫില്‍നിന്ന് ലഭിച്ചുള്ളു. അടുത്തൊരു നിയമസഭാ തെരഞ്ഞെടുപ്പ് വന്നാല്‍ ഈ ഒമ്പത് സീറ്റും നിലനിര്‍ത്താന്‍ കഴിയില്ല എന്നതാണ് യുഡിഎഫിലെ അവസ്ഥ. കേരള കോണ്‍ഗ്രസിനെ ക്രമേണ ഇല്ലാതാക്കി അതിലെ അണികളെ കോണ്‍ഗ്രസിന്റെ ഭാഗമാക്കുക എന്ന തന്ത്രമാണ് ഉമ്മന്‍ചാണ്ടി പ്രയോഗിക്കുന്നത്. അതുകൊണ്ടാണ് യുപിഎ മന്ത്രിസഭയില്‍ മുസ്ലിംലീഗിന് പ്രാതിനിധ്യം നല്‍കിയിട്ടും കേരള കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയത്.
അടുത്ത പേജില്‍: കേരളകോണ്‍ഗ്രസിന്റെ കേന്ദ്രമന്ത്രിസ്ഥാനം നഷ്ടപ്പെടുത്തിയത് ഉമ്മന്‍ചാണ്ടി!
കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വം അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടും ഉമ്മന്‍ചാണ്ടിയുടെയും കേരളത്തിലുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും എതിര്‍പ്പ് കാരണമാണ് കേരള കോണ്‍ഗ്രസിന് കേന്ദ്രമന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. കോണ്‍ഗ്രസുമായുള്ള കേരള കോണ്‍ഗ്രസിന്റെ മുന്നണിബന്ധം ധൃതരാഷ്ട്ര ആലിംഗനം പോലെയായി. സ്ഥാനമാനങ്ങള്‍ക്കു വേണ്ടി ഉന്നയിച്ച അവകാശവാദത്തിനപ്പുറം വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ കേരള കോണ്‍ഗ്രസ് തയ്യാറാവുമോ എന്നതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ഫെഡറല്‍ തത്വങ്ങള്‍ക്കുവേണ്ടി കേന്ദ്ര-സംസ്ഥാന ബന്ധത്തില്‍ നിലപാടുകള്‍ സ്വീകരിച്ച പാര്‍ടിയായിരുന്നു കേരള കോണ്‍ഗ്രസ്. ഫെഡറല്‍ ഘടനയെ തകര്‍ക്കുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ നിലപാടെടുത്ത പാര്‍ടിയായിരുന്നു ഒരു കാലഘട്ടം വരെ കേരള കോണ്‍ഗ്രസ്. പാലക്കാട് കോച്ച് ഫാക്ടറി, ചേര്‍ത്തല വാഗണ്‍ ഫാക്ടറി, റെയില്‍വേ മെഡിക്കല്‍ കോളേജ് തുടങ്ങി പ്രഖ്യാപിച്ച റെയില്‍വേ പദ്ധതികള്‍ നടപ്പാക്കാനോ പുതിയ സോണ്‍ അനുവദിക്കാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. പുതിയ റെയില്‍വേ ലൈനുകളും കൂടുതല്‍ ട്രെയിനുകളും അനുവദിക്കണമെന്ന ആവശ്യത്തോട് തികച്ചും നിഷേധാത്മകനിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. രണ്ടാം യുപിഎ സര്‍ക്കാരിനും ഇതേ സമീപനമായിരുന്നു.
കോണ്‍ഗ്രസിന്റെ കൂടെ ചേര്‍ന്നുനിന്ന് കേന്ദ്ര അവഗണനയ്ക്കെതിരെ കേരള കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചാല്‍ അത് അപഹാസ്യമായിരിക്കും. റബര്‍ ഇറക്കുമതിയുടെ ഫലമായി റബറിന്റെ വില ഗണ്യമായി ഇടിഞ്ഞു. ഒരുകിലോ റബറിന് 243 രൂപ ലഭിച്ച സ്ഥാനത്ത് ഇന്ന് 130 രൂപപോലുമില്ല. ഇത് റബര്‍ കൃഷിക്കാരെ കടുത്ത പ്രതിസന്ധിയിലാക്കി. കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ച നയമാണ് ഇതിന് കാരണമായത്. കോണ്‍ഗ്രസിന്റെ കൂടെ ചേര്‍ന്ന് ഈ പ്രശ്നം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസിന് സാധിക്കുമോ? ഇടുക്കിയിലെ മലയോര കൈവശ കൃഷിക്കാര്‍ക്ക് പട്ടയം നല്‍കുമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം മൂന്ന് വര്‍ഷമായിട്ടും നടപ്പായിട്ടില്ല. നീറിപ്പുകയുന്ന കര്‍ഷകരോഷം പൊട്ടിത്തെറിയിലേക്ക് നീങ്ങുമ്പോള്‍ കേരള കോണ്‍ഗ്രസ് ആരുടെ കൂടെ നില്‍ക്കും? റവന്യൂ വകുപ്പ് കൈകാര്യംചെയ്യുന്ന കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ഒരാത്മാര്‍ഥതയുമില്ലാത്തതുകൊണ്ടാണ് പട്ടയപ്രശ്നം പരിഹരിക്കാനാകാത്തത്. ഇത്തരത്തില്‍ കൃഷിക്കാരെയും കേരളത്തെ പൊതുവിലും ബാധിക്കുന്ന പ്രശ്നങ്ങളില്‍ കേരള കോണ്‍ഗ്രസിന്റെ നിലപാട് എന്താണ് എന്ന കാര്യമാണ് ആ പാര്‍ടി വ്യക്തമാക്കേണ്ടത്. സ്ഥാനമാനങ്ങള്‍ക്കു വേണ്ടി വിലപേശുന്ന തര്‍ക്കം മാത്രമാണോ ഇപ്പോള്‍ യുഡിഎഫില്‍ നടക്കുന്നത്? അതല്ല, കേരളത്തിന്റെ സാമൂഹ്യ പ്രശ്നങ്ങളില്‍ എന്തെങ്കിലും ഇടപെടല്‍ നടത്താന്‍ സഹായകമായ ഒരു ചര്‍ച്ചയാണോ കേരള കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്?
പുനഃസംഘടനകൊണ്ട് രക്ഷിച്ചെടുക്കാവുന്ന അവസ്ഥയിലല്ല ഇന്ന് യുഡിഎഫ്. മുഖ്യകക്ഷിയായ കോണ്‍ഗ്രസില്‍, പുനഃസംഘടന വേണമെന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെതിരെ രമേശ് ചെന്നിത്തല രംഗത്തുവന്നു. യുഡിഎഫ് ഘടകകക്ഷിയായി മാറിയ ആര്‍എസ്പി, അരുതാത്തത് സംഭവിച്ചുവെന്നും യുഡിഎഫുമായുള്ള ബന്ധം താല്‍ക്കാലികമാണെന്നും തെറ്റ് തിരുത്തുമെന്നും ദേശീയ കമ്മിറ്റിക്ക് ശേഷം നടത്തിയ വെളിപ്പെടുത്തല്‍ യുഡിഎഫിലെ ശൈഥില്യത്തെയാണ് വ്യക്തമാക്കുന്നത്. ഒരു പാര്‍ലമെന്റ് സീറ്റിനുവേണ്ടി 2009ല്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫിനൊപ്പം കൂടിയ ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട നാണംകെട്ട പരാജയത്തെതുടര്‍ന്ന് അപമാനിതമായി നടക്കുന്ന പാര്‍ടിയായി. ജനതാദള്‍ നേരത്തെ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ നിലപാടുകള്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതോടെ ഉന്നയിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം തെറ്റാണെന്നോ അതില്‍നിന്ന് പിന്മാറുന്നുവെന്നോ കേരള കോണ്‍ഗ്രസിലെ ആരും ഇതുവരെ പറഞ്ഞിട്ടില്ല. ഇങ്ങനെ, യുഡിഎഫിലെ ഓരോ ഘടകകക്ഷിയും അഭിമുഖീകരിക്കുന്ന രാഷ്ട്രീയ ആഭ്യന്തര സംഘര്‍ഷങ്ങളുടെ ഫലമായി, ഐക്യജനാധിപത്യമുന്നണി ആശയപരമായും സംഘടനാപരമായും പ്രതിസന്ധിയില്‍പെട്ടിരിക്കയാണ്. ഈ പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ പുനഃസംഘടനകൊണ്ട് സാധിക്കുകയില്ല.