‘ഒത്തുതീർപ്പിന് ശ്രമിച്ചിട്ടില്ല, വിനോദിനി ശ്രീജിത്തിനെ കണ്ടിട്ടുണ്ട്’; ബിനോയിയെ പൊലീസ് കണ്ടെത്തട്ടെ - കോടിയേരി
ബിനോയ് കോടിയേരിക്കെതിരായ പീഡന ആരോപണത്തില്‍ തന്റെ ഭാര്യ വിനോദിനി മുംബൈയില്‍ പോയത് കേസിന്റെ നിജസ്ഥിതി അറിയാനും ബിനോയിയുടെ അമ്മ എന്ന നിലയിൽ കാര്യങ്ങൾ മനസിലാക്കുന്നതിനുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍.
എന്താണ് സംഭവിക്കുക എന്ന് ചോദിച്ചറിയുകയായിരുന്നു വിനോദിനിയുടെ ലക്ഷ്യം. ബിനോയിക്കെതിരായ പരാതിയിൽ ഒത്തുതീർപ്പിന് ശ്രമിച്ചിട്ടില്ല. കേസിന്‍റെ കാര്യങ്ങൾ താനും ഭാര്യയും അഡ്വക്കേറ്റ് ശ്രീജിത്തുമായി സംസാരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട നോട്ടീസ് വന്നപ്പോഴാണ് കാര്യം അറിഞ്ഞത്.
ജനുവരിയിലാണ് കേസിന്‍റെ തുടക്കം. അന്ന് കേസിനെ പറ്റി ചോദിച്ചപ്പോൾ ബിനോയ് എല്ലാം നിഷേധിച്ചു. രേഖകൾ വ്യാജമാണെന്നാണ് പറഞ്ഞത്. അഡ്വക്കേറ്റ് ശ്രീജിത്ത് ആർക്കൊപ്പമാണെന്ന് ഇപ്പോൾ പറയുന്നില്ല. ബിനോയ് എവിടെയാണെന്ന് പൊലീസ് കണ്ടെത്തട്ടെ. സത്യം എന്താണെന്ന് കോടതി തീരുമാനിക്കട്ടെ എന്നും കോടിയേരി പറഞ്ഞു.