മാണിയുമായി ചർച്ച നടത്താനൊരുങ്ങി ലീഗ്; ഈ പ്രശ്നങ്ങൾ ഒന്നിന്റെയും അന്ത്യമല്ലെന്ന് ലീഗ്, യു ഡി എഫ് ഒരു പാഠം പഠിക്കണമെന്ന് ജെഡിയു

തിങ്കള്‍, 8 ഓഗസ്റ്റ് 2016 (08:24 IST)
മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള മുന്നണി ബന്ധം ഒഴിവാക്കി കോൺഗ്രസിന്റെ പടിയിറങ്ങിയ കെ എം മാണി വിഭാഗവുമായി ചർച്ച നടത്തുമെന്ന് ഘടകകക്ഷിയായ മുസ്ലിം ലീഗ്. ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചരൽക്കുന്നിലെ യോഗം കഴിഞ്ഞാൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമായി ചർച്ച നടത്താമെന്ന് മാണി വാക്കു തന്നിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
 
മാണിയുമായി ഇക്കാര്യത്തിൽ ചർച്ച നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ ലീഗ് ഒരു നിലപാട് സ്വീകരിക്കും. ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്നങ്ങൾ ഒന്നിറ്റെയും അവസാനമല്ല, മതേതരത്വത്തെ ബാധിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെങ്കിൽ അതിനെ പൂർണമായും എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മുന്നണി വിട്ട കേരളാ കോൺഗ്രസ് നടപടിയിൽനിന്ന് യുഡിഎഫ് പാഠം പഠിക്കണമെന്ന് ഘടകക്ഷിയായ ജെഡിയു ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക